തങ്കഅങ്കി ഘോഷയാത്ര ഇന്ന് (വെള്ളിയാഴ്ച്ച) സന്നിധാനത്ത്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച(ഡിസംബര്‍ 26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും.വൈകിട്ട് തങ്കഅങ്ക ചാര്‍ത്തി ദീപാരാധന നടക്കും.ശനിയാഴ്ചയാണു (ഡിസംബര്‍ 27) തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഈ വര്‍ഷത്തെ മണ്ഡലപൂജ. ശനിയാഴ്ച രാത്രി 11.00 മണിക്കു ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30നായിരിക്കും തുറക്കുക.

തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച (ഡിസംബര്‍ 23) രാവിലെയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്്.

വെള്ളിയാഴ്ച രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഒന്‍പതിന് ളാഹ സത്രം, 10ന് പ്ലാപ്പള്ളി, 11ന് നിലയ്ക്കല്‍ ക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയം എന്നിവിടങ്ങളിലെത്തും. ഉച്ചയ്ക്കു 1.30ന് പമ്പയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.

Leave a Reply

Your email address will not be published. Required fields are marked *