അഷ്ടമുടി കായലിന്റെ ഓളങ്ങളില്‍ വിജയം തുഴഞ്ഞുനേടി നിരണം ചുണ്ടന്‍


ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി പതിനൊന്നാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ്‍ ഫൈനലും അഷ്ടമുടി കായലില്‍ അരങ്ങേറി.ആയിരക്കണക്കിനു കാണികളെ സാക്ഷിയാക്കി പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍.സിബിഎല്‍ കിരീടം കരസ്ഥമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍.

11 മത്സരങ്ങളില്‍ നിന്നായി 108 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ സിബിഎല്‍ ചാമ്പ്യന്മാരായത്.92 പോയിന്റുമായി മേല്‍പ്പാടന്‍ ചുണ്ടന്‍ സി.ബി.എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും 86 പോയിന്റുകളുമായി നിരണം ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ പ്രസിഡന്റ്സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി.

സിബിഎല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ ലഭിച്ചു.രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിച്ചു. സിബിഎല്‍ മത്സരത്തിന്റെ കൊല്ലം ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിച്ചു.

മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം എട്ട് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.അതില്‍ ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ജലറാണി,ഇരുട്ടുകുത്തി എ വിഭാഗത്തില്‍ പി.ജി കര്‍ണന്‍,വനിതകളുടെ മത്സരത്തില്‍ ചെല്ലിക്കാടന്‍ തുടങ്ങിയവര്‍ ജേതാക്കളായി.

മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ജലോത്സവം ഉദ്ഘാടനം ചെയ്തു.മറ്റ് ജില്ലകളില്‍ ജലോത്സവം നടന്നുവരുന്ന പ്രദേശങ്ങളേക്കാള്‍ വിസ്തൃതിയുള്ളതും നേര്‍രേഖയില്‍ ട്രാക്ക് സ്ഥിതി ചെയ്യുന്നതും അഷ്ടമുടിക്കായലിനെ മത്സരം നടത്താന്‍ അനുയോജ്യമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.കുറഞ്ഞ സമയത്തിനുള്ളില്‍ ജലോത്സവത്തില്‍ കൂടുതല്‍ ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞത് സംഘാടകരുടെ മികവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മേയര്‍ എ കെ ഹഫീസ് പതാക ഉയര്‍ത്തി മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനായി.എന്‍.കെ പ്രേമചന്ദ്രന്‍ എം പി മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് റിപ്പോര്‍ട്ട് അവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *