മെൽബൺ: മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇന്ധനവില കുതിച്ചുയരുന്നത് പണപ്പെരുപ്പത്തിന് (Inflation) ആക്കം കൂട്ടുമെന്നും ഇത് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് (NAB) നൽകുന്ന സൂചന.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് ഇന്ധന നിരക്ക് ലിറ്ററിന് 2 ഡോളറിന് മുകളിലെത്തിച്ചിരിക്കുകയാണ്. ഇത് യാത്രാ ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ചരക്ക് നീക്കത്തെയും ബാധിക്കുന്നതോടെ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമാകും. ഈ വർഷം ജൂണിന് മുമ്പായി പലിശ നിരക്കുകളിൽ തുടർച്ചയായ വർദ്ധനവ് പ്രതീക്ഷിച്ചിരിക്കുന്ന ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്ക് ഇരട്ട പ്രഹരമായാണ് നിലവിലെ സാഹചര്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ കണക്കാക്കിയിരുന്നതിനേക്കാൾ 0.5 ശതമാനം വർദ്ധനവോടെ, ഈ വർഷത്തെ രണ്ടാം പാദത്തിൽ പണപ്പെരുപ്പം 4.75 ശതമാനത്തിലെത്താൻ സാധ്യതയുണ്ട്. എണ്ണവില ബാരലിന് 100 യുഎസ് ഡോളറിലേക്ക് എത്തുകയാണെങ്കിൽ പണപ്പെരുപ്പം അഞ്ച് ശതമാനവും കടക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഇത്രയും വലിയ വിലക്കയറ്റ ഭീഷണി നേരിടുന്നത്.
ആഗോളതലത്തിലുണ്ടായ ഈ അശാന്തി ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിൽ കടുത്ത അസ്ഥിരതയുണ്ടാക്കുമെന്ന് ട്രഷറർ ജിം ചാൽമേഴ്സ് ഈയാഴ്ച ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ അനിശ്ചിതത്വത്തിലാണെങ്കിലും അവ അതിരൂക്ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പണപ്പെരുപ്പ നിരക്കിലെ മാറ്റങ്ങൾ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

