ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന് കര്‍ശന മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതുതായി നടപ്പിലാക്കിയ വിബി ജിറാം ജി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഭരണപരമായ തീരുമാനങ്ങളില്‍ ‘റിവേഴ്സ് ഗിയര്‍’ ഇടാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് മുന്‍ഗണന. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ദീര്‍ഘവീക്ഷണത്തോടെയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അത് പിന്‍വലിക്കില്ലെന്നും ഗ്രാമീണ മേഖലയില്‍ തൊഴില്‍ ദിനങ്ങള്‍ ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നും റിജിജു വ്യക്തമാക്കി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾക്കും സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ വഴങ്ങിയില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന രീതിയില്‍ യുജിസി ഫണ്ട് വെട്ടിക്കുറയ്ക്കുന്നു എന്ന വിഷയം പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഗവേഷണ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യുജിസി ഫണ്ടുകള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ഇത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തെ തകര്‍ക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ സര്‍വകക്ഷി യോഗം ബജറ്റ് ചര്‍ച്ചകള്‍ സുഗമമാക്കാനാണെന്നും യുജിസി സംബന്ധിച്ച സാങ്കേതിക വിഷയങ്ങള്‍ വകുപ്പ് തലത്തിലുള്ള ചര്‍ച്ചകളില്‍ ഉന്നയിക്കാമെന്നുമാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. യുജിസി ഫണ്ട് വെട്ടിക്കുറയ്ക്കല്‍, നീറ്റ് പരീക്ഷാ വിവാദം, തൊഴിലുറപ്പ് നിയമത്തിലെ മാറ്റങ്ങള്‍ എന്നിവ ബജറ്റ് സമ്മേളനത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്കി. എന്നാല്‍ സഭ തടസ്സപ്പെടുത്താതെ ചര്‍ച്ചകളില്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

