ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വിമാനയാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന മറ്റ് വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്. ഈ നിശ്ചിത പരിധിക്ക് മുകളിലുള്ള നിരക്ക് ഒരു കാരണവശാലും വിമാനക്കമ്പനികള്‍ക്ക് ഇനി മുതല്‍ ഈടാക്കാന്‍ സാധിക്കില്ല. കോവിഡ് മഹാമാരിയുടെ സമയത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നത്. വിമാനക്കമ്പനികള്‍ അസാധാരണമാംവിധം ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം, ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം ദൂരപരിധിക്കനുസരിച്ച് പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. 500 കിലോമീറ്റര്‍ വരെ യാത്രാദൂരത്തിന് 7,500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെ ദൂരത്തിന് 12,000 രൂപയും, ആയിരം കിലോമീറ്റര്‍ മുതല്‍ 1,500 കിലോമീറ്റര്‍ വരെ ദൂരത്തിന് 15,000 രൂപയും, 1,500 കിലോമീറ്ററിനു മുകളില്‍ 18,000 രൂപയുമാണ് പരമാവധി പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
ഈ നിരക്ക് ഇക്കോണമി ടിക്കറ്റുകള്‍ക്ക് മാത്രമാണ് ബാധകം.യൂസര്‍ ഡെവലപ്മെന്റ് ഫീസ് (UDF), പാസഞ്ചര്‍ സര്‍വീസ് ഫീസ് (PSF), നികുതി എന്നിവ ഈ നിശ്ചിത പരിധിക്ക് പുറമേയാണ് ഈടാക്കുക. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ‘ഉഡാന്‍’ (UDAN) പദ്ധതി പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്കും ഈ നിരക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. അടിയന്തര സാഹചര്യങ്ങള്‍ മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഈ നിയന്ത്രണം സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്

