ഭിന്നശേഷി കുട്ടികൾക്കായി രാജ്യത്തെ ആദ്യ ‘പുനരധിവാസ ഗ്രാമം’; ശിലാസ്ഥാപനം ഇന്ന് തിരൂരിൽ

മലപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഭാവി ആശങ്കകൾക്ക് പരിഹാരമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത രാജ്യത്തെ ആദ്യ മാതൃകാ സംയോജിത പുനരധിവാസ ഗ്രാമത്തിന് മലപ്പുറം ജില്ലയിൽ തുടക്കമാകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ (വെള്ളി) ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.തിരൂർ താലൂക്കിലെ കുറുമ്പത്തോർ ആതവനാട് പുത്തനത്താണിയിലുള്ള അഞ്ചേക്കർ ഭൂമിയിലാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.

65.48 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ അഭാവത്തിലും അവർക്ക് സുരക്ഷിതമായ ജീവിതസാഹചര്യം ഒരുക്കുന്ന രീതിയിലാണ് ഈ മാതൃകാ ഗ്രാമം വിഭാവനം ചെയ്തിരിക്കുന്നത്.

ഭിന്നശേഷി മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ഈ പദ്ധതി, കേരളത്തിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *