തിരുവനന്തപുരം: 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകുന്ന ഭൂമിയിലെ രാജകീയ വൃക്ഷങ്ങളുടെ അവകാശം സർക്കാരിൽ നിലനിർത്തുന്ന ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പട്ടയ ഭൂമിയിലെ തേക്ക്, ഈട്ടി, ചന്ദനം, എബണി എന്നീ മരങ്ങളുടെ ഉടമസ്ഥാവകാശമാണ് സർക്കാരിൽ നിലനിർത്തിയത്.
പതിച്ചുനല്കുന്ന സമയത്തു ഭൂമിയിലെ രാജകീയ മരങ്ങളുടെ അവകാശമാണ് സർക്കാരിൽ നിലനിർത്തുക. പിന്നീട് ആ ഭൂമിയിൽ വളർന്നുവരുന്ന രാജകീയ മരങ്ങളുടെ അവകാശം സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. അതിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതു സംബന്ധിച്ച് വനം, നിയമ, റവന്യു വകുപ്പുകളുടെ കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉത്തരവ് ഇറക്കും.
ഭൂമി പതിച്ചുനൽകൽ ഉത്തരവിൽ ഭേദഗതി.
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച ഉത്തരവിലും മന്ത്രിസഭ ഭേദഗതി വരുത്തി. സ്വാതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിനുമുന്പും കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുകിട്ടുന്നതിന് ന്യായവിലയുടെ 15 ശതമാനം നൽകണമെന്നാണ് ഭേദഗതി.
സ്വാതന്ത്ര്യത്തിനുശേഷവും കേരള പിറവിക്ക് മുന്പും കൈവശം വച്ചിരുന്ന ഭൂമിക്ക് ന്യായവിലയുടെ 25 ശതമാനം നല്കണമെന്ന നിലവിലെ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
കൈവശഭൂമി പതിച്ചുനൽകലുമായി ബന്ധപ്പെട്ട് നേരത്തേതന്നെ നിശ്ചയിച്ചിട്ടുള്ള വർഷം എന്ന നിലയിലാണ് 1971ന്റെ അടിസ്ഥാനത്തിൽ സ്ലാബ് നിശ്ചയിച്ചത്. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയവ കൈവശം വച്ചിട്ടുള്ള ഒരു ഏക്കർ വരെയുള്ള ഭൂമിയാണ് കൈവശ കാലയളവിന് അനുസരിച്ച് ന്യായവിലയുടെ നിശ്ചിത ശതമാനം ഈടാക്കി പതിച്ചുനൽകുക.
നിർമിതികൾ ക്രമപ്പെടുത്താൻ ഡെപ്യൂട്ടി കളക്ടർ.
കൃഷിക്കും വീടു വയ്ക്കാനും പട്ടയം നൽകിയ ഭൂമിയിലെ മറ്റ് നിർമിതികൾ ക്രമപ്പെടുത്താനുള്ള ഭൂപതിവ് ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലകളിലെ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് വിജ്ഞാപനമിറക്കി.
ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ(ലാൻഡ് റവന്യു) ആണ് അധികാരി. ഇടുക്കിയിൽ ഭൂപതിവ്, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർക്കാണ് അധികാരം. താലൂക്ക് പരിധിയിൽ ബന്ധപ്പെട്ട തഹസീൽദാറാണ് അധികാരി. ഇടുക്കി, വയനാട് ഉൾപ്പെടെ വിവിധ ജില്ലകളിലെ നൂറുകണക്കിന് പട്ടയ ഉടമകൾക്കാണ് ചട്ടഭേദഗതി ഗുണകരമാകുക.

