ഒരു തിരി വെട്ടത്തിൽ
ഞാൻ നിന്നോടൊരു
കവിത കടം ചോദിക്കുന്നു
കാലമേ….
ഇരുളിൻ മഹാ നിദ്രയിൽ
എന്നെ നീ ഒളിച്ചു വയ്ക്കല്ലേ
ശൂന്യത നിറഞ്ഞൊരെൻ
ഹൃത്തിനെ വീണ്ടും വീണ്ടും
ഇങ്ങനെ പരിഹസിക്കല്ലേ..
പറയാനും, കരയാനും
എനിക്ക് സ്വരം പോലുമില്ല
എഴുതാനും, പാടാനും
എന്റെ മനസ്സിൽ ഒരു വരി
പോലുമില്ല…
പണ്ടെഴുതിയ കവിതകളിൽ
ഏറെ പ്രണയം ഉണ്ടായിരുന്നു
വിരഹവും, നൊമ്പരവും,
ജീവിതവും ഉണ്ടായിരുന്നു
ഇനിയെനിക്ക് മരിച്ച
മനുഷ്യരെ ക്കുറിച്ച്
എഴുതണം
യുദ്ധ ഭൂമിയിൽ
വിശന്നു കരഞ്ഞവരെ
കുറിച്ച് എഴുതണം
ഒരു തുള്ളി ദാഹജലം
തിരയുമ്പോഴും
പ്രാണ ഭയത്താൽ
ചുറ്റും പരതുന്നവരെ
ക്കുറിച്ച് എഴുതണം
പുഴു വരിച്ച മാംസ പിണ്ഡം
പോലെന്റെ മനസ്
ദുർഗന്ധം വമിക്കുന്നു
ചുറ്റുപാടുകൾ ഇതാ
എന്റെ കാഴ്ചയും കവർന്നു
ഇനി എനിക്കീ മണ്ണിൽ
ഈ നിമിഷം മരിച്ചാൽ മതി
അല്ലെങ്കിൽ ഞാൻ എന്തിന്
വെറുതെ മരിക്കണം !
മരിക്കേണ്ടവൻ എവിടെയും
ഉണർന്നു വിലസുകയാണ്
ജീവിക്കേണ്ടവനോ
മരിച്ചു മണ്ണിൽ ലയിക്കുകയാണ്
ഞാൻ ഒന്നും എഴുതുന്നില്ല
ഞാൻ ഒന്നും മൊഴിയുന്നുമില്ല
എന്റെ നാവിൽ ഞാൻ പോലുമറിയാതെ
ഏതോ നീതിമാന്റെ
ഒരു തുള്ളി രക്തം തെറിച്ചു
വീണു..
ഞാനും അതിന്റെ രുചിയിൽ
സ്വയം മറക്കുകയാണ്..
ഞാനും മാറുകയാണ്..


