എഡിറ്റോറിയൽ
നാം ഇന്ന് ജീവിക്കുന്നത് വിവരങ്ങളുടെ അതിപ്രസരമുള്ള ഒരു കാലത്താണ്. പക്ഷേ, ഈ ‘അറിവിൻ്റെ’ പെരുമഴയ്ക്കിടയിൽ മനുഷ്യൻ്റെ തനിമയും മൗലികമായ ചിന്തകളും എവിടെയാണ് നഷ്ടപ്പെടുന്നതെന്ന ചോദ്യം ഈ ആധുനിക കാലത്ത് ഗൗരവമായി ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമാണ്.
സാങ്കേതികവിദ്യയും ഇന്നത്തെ മനുഷ്യാവസ്ഥയും
മനുഷ്യൻ്റെ ശാരീരികവും മാനസികവുമായ അതിരുകൾ സാങ്കേതികവിദ്യയുമായി ലയിച്ചുകൊണ്ടിരിക്കുന്ന ഒരു ‘പോസ്റ്റ്-ഹ്യൂമൻ’ അവസ്ഥയിലേക്കാണ് നാം അതിവേഗം നീങ്ങുന്നത്. ഡിജിറ്റൽ ജീവിതത്തിൻ്റെ ഈ അതിരില്ലാത്ത സാധ്യതകൾക്കിടയിൽ നമുക്ക് യഥാർത്ഥത്തിൽ ഒരു ‘മനുഷ്യൻ’ ആയി തുടരാൻ കഴിയുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അനലോഗ് വികാരങ്ങളും ഡിജിറ്റൽ വേഗതയും തമ്മിലുള്ള ഈ സാമൂഹികവും വെക്തിപരപുമായ സംഘർഷം നമ്മുടെ മനുഷ്യത്വത്തെ പോകപ്പോകെ പുനർ നിർവചിക്കാൻ പ്രേരിപ്പിക്കുന്നു.
അൽഗോരിതങ്ങളുടെ അതിപ്രേസരങ്ങളും, മൗലികതയുടെ നാശവും
സോഷ്യൽ മീഡിയയും ഡിജിറ്റൽ ഇടപടുകളും മാത്രമല്ല മറിച്ച് നമ്മുടെ വെക്തിപരവും, സാമുഹിക-സാമുദായികപരവും, ഒപ്പം ബൗദ്ധിക താല്പര്യങ്ങൾ മുതൽ രാഷ്ട്രീയ നിലപാടുകൾ വരെ ഇന്ന് തീരുമാനിക്കുന്നത് അൽഗോരിതങ്ങളാണ്. നാം കാണുന്ന ഓരോ കാഴ്ചയും കേൾക്കുന്ന ഓരോ ശബ്ദവും നമ്മുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പല്ല, മറിച്ച് അരുടെ ഒക്കയോ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തീരുമാനങ്ങളായിട്ടാണ് അത് നമ്മുടെ ബോധതലത്തിൽ പോലും കടന്നുവരുന്നതും നിലനിൽക്കുന്നതും. ഈ സാഹചര്യത്തിൽ, മനുഷ്യൻ തൻ്റെ ഉണ്മ വീണ്ടെടുക്കുന്ന അവസ്ഥയിലാണ് ഒരുവൻ അവൻ്റെ അന്തരിക ബോധത്തിലെയ്ക്ക് ജനിക്കേണ്ടത് അനിവാര്യമാണ്. കേവലമായ ശാസ്ത്രീയ ബോധത്തിനും, യുക്തിക്കപ്പുറം, ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താനുള്ള വെളിച്ചം നമ്മിൽ തന്നെ ഉറങ്ങിക്കിടപ്പുണ്ട്.
സംഭാഷണങ്ങളിലെളിഞ്ഞിരിക്കുന്ന വെളിച്ചപ്പൊട്ടുകൾ
യന്ത്രങ്ങൾ സംസാരിക്കാൻ തുടങ്ങിയ ഈ കാലത്ത്, മനുഷ്യർ തമ്മിലുള്ള ഹൃദയത്തിൽ തൊട്ടുള്ള സംഭാഷണങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. വാക്കുകൾ എന്നത് വെറും വിവര കൈമാറ്റമല്ല, മറിച്ച് അത് നമ്മുടെ ഉള്ളിലെ സത്തയെ മറ്റൊരാളിലേക്ക് എത്തിക്കുന്ന അപരിമേയമായ പാതയാണ്. ഡിജിറ്റൽ തിരക്കുകൾക്കിടയിൽ അല്പം സമയം നിശബ്ദനായി ഇരിക്കാനും, സ്വന്തം ഉള്ളിലേക്ക് നോക്കാനും നമുക്ക് സാധിക്കുന്നുണ്ടോ?
ലോകം എത്ര വേഗത്തിൽ മാറിയാലും, മാറ്റമില്ലാത്ത ചില സത്യങ്ങൾ നമുക്കിടയിലുണ്ട്. സാങ്കേതികവിദ്യ നമുക്ക് നൽകുന്ന സൗകര്യങ്ങൾ നമ്മുടെ സ്വത്വത്തെ വിഴുങ്ങാതിരിക്കാൻ നാം ജാഗരൂകരാകണം. യന്ത്രങ്ങൾ ചിന്തിക്കുന്ന ലോകത്ത്, സ്വയം അനുഭവിക്കാനും സ്നേഹിക്കാനുമുള്ള നമ്മുടെ കഴിവാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ വെളിച്ചമാണ് വരാനിരിക്കുന്ന തലമുറകൾക്കായി നാം കരുതിവെക്കേണ്ടത്.

