ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്തംഭിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിക്കാത്തതുകൊണ്ടാണെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം.
യുഎസിന്റെ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലൂട്നിക്കി ന്റെ പ്രസ്താവന കൃത്യതയില്ലാത്തതാണെന്നും ഇരു രാഷ്ട്രത്തലവന്മാരും 2025ൽ എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 വരെ ഉഭയകക്ഷി വ്യാപാരകരാറിനായി ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരായിരുന്നെന്നും ഇതിനുശേഷം ഇരുരാജ്യങ്ങളും നിരവധി തവണ വ്യാപാര കരാറിൽ ചർച്ച നടത്തിയെന്നും ഹൊവാർഡിന്റെ പ്രസ്താവന തള്ളിക്കൊണ്ട് രണ്‍ധീർ ചൂണ്ടിക്കാട്ടി.
പല അവസരങ്ങളിലും കരാർ അടുത്തിരുന്നുവെന്നു വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയ വക്താവ് ഇരുകക്ഷികൾക്കും ഗുണകരമാകുന്ന വ്യാപാരകരാർ യാഥാർഥ്യമാകുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിനെ സംബന്ധിച്ചും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ബിൽ യുഎസിൽ ചർച്ച ചെയ്യുന്നതു സംബന്ധിച്ച് ബോധവാന്മാരാണെന്നും ബന്ധപ്പെട്ട വിഷയങ്ങളും വികാസങ്ങളും നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.
ആഗോള വ്യാപാരത്തിലെ സ്ഥിതിഗതി കണക്കിലെടുത്തും ഇന്ത്യയിലെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഊർജം ലഭ്യമാക്കണമെന്നതും കണക്കിലെടുത്താണ് തന്ത്രവും നയവും രൂപപ്പെടുത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്, അമേരിക്ക നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബില്ലിനെ സംബന്ധിച്ചു പറഞ്ഞു.

