കൊല്‍ക്കത്ത: അയോധ്യയില്‍ നിന്ന് 856 കിലോമീറ്റര്‍ അകലെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ബാബ്റി മസ്ജിദ്, രാമക്ഷേത്ര മാതൃകകളില്‍ പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് രണ്ട് വിഭാഗങ്ങള്‍ തുടക്കം കുറിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഡിസംബര്‍ ആറിന് മുസ്ലിം ആരാധനാലയത്തിനുള്ള തറക്കല്ലിടുമെന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഭരത്പൂറില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറാണ്. ഇതേ ജില്ലയില്‍ അയോധ്യ മാതൃകയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രണ്ട് ഹിന്ദു സംഘടനകള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ശക്തമാകുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പുതിയ വിവാദം. സംഭവത്തിന്റെ പ്രഭവ കേന്ദ്രമായ മുര്‍ഷിദാബാദ് ജില്ല ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല കൂടിയാണ്.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് മുസ്ലിം ആരാധനാലയത്തിന് തറക്കല്ലിടുമെന്ന് വ്യക്തമാക്കി പലയിടത്തായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദിന് സമാനമായ പള്ളി നിര്‍മിക്കുമെന്നാണ് പോസ്റ്ററിലെ ചിത്രങ്ങളും സൂചിപ്പിക്കുന്നത്. ഡിസംബര്‍ നാലിന് മുഖ്യമന്ത്രി മമത ബാനര്‍ജി മുര്‍ഷിദാബാദ് സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്കുന്ന എംഎല്‍എ ഹുമയൂണ്‍ കബീര്‍ വെസ്റ്റ് ബംഗാള്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ സെക്രട്ടറി കൂടിയാണ്

