മെൽബൺ: ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും സ്റ്റാമ്പ് വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഓസ്‌ട്രേലിയ പോസ്റ്റ്.രാജ്യത്ത് സാധാരണ കത്തുകളുടെ എണ്ണം വൻതോതിൽ കുറഞ്ഞ് 1930-കളിലെ നിലവാരത്തിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവിൽ 1.70 ഡോളറുള്ള സ്റ്റാമ്പ് വില 1.85 ഡോളറായി വർദ്ധിപ്പിക്കണമെന്നാണ് ഓസ്‌ട്രേലിയ പോസ്റ്റ് കൺസ്യൂമർ വാച്ച്‌ഡോഗായ എ.സി.സി.സി-യോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കത്തുകൾ അയക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പോസ്റ്റൽ മേഖലയിൽ 230 ദശലക്ഷം ഡോളറിലധികം നഷ്ടം ഉണ്ടായതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2022-ൽ 1.10 ഡോളറായിരുന്ന സ്റ്റാമ്പ് വില, കഴിഞ്ഞ ജൂലൈയിലാണ് 1.70 ഡോളറായി ഉയർത്തിയത്. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും കടന്നുകയറ്റം കത്തുകളുടെ ഉപയോഗത്തെ സാരമായി ബാധിച്ചു. നിലവിൽ വ്യക്തികൾ അയക്കുന്ന കത്തുകൾ ആകെ തപാലുകളുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കിയുള്ളവ ബിസിനസ് സ്ഥാപനങ്ങളും ഗവൺമെന്റ് ഏജൻസികളുമാണ് അയക്കുന്നത്.
പുതിയ നിരക്ക് വർദ്ധന നടപ്പിലായാൽ ഒരു സാധാരണ കുടുംബത്തിന് പ്രതിവർഷം ശരാശരി ഒരു ഡോളറിൽ താഴെ മാത്രമേ അധികച്ചെലവ് വരികയുള്ളൂവെന്ന് ഓസ്‌ട്രേലിയ പോസ്റ്റ് പറയുന്നു. കൺസെഷൻ സ്റ്റാമ്പുകളുടെയും സീസണൽ ഗ്രീറ്റിംഗ് കാർഡ് സ്റ്റാമ്പുകളുടെയും വിലയിൽ മാറ്റമുണ്ടാവില്ല. മറ്റ് ഒ.ഇ.സി.ഡി ) രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിലെ സ്റ്റാമ്പ് നിരക്കുകൾ ഇപ്പോഴും കുറവാണെന്നും അവർ അവകാശപ്പെടുന്നു. എ.സി.സി.സി-യുടെ അംഗീകാരം ലഭിച്ചാൽ 2026 പകുതിയോടെ പുതിയ വില പ്രാബല്യത്തിൽ വരും.

