ബീഹാറില്‍ ഇനി വനിതാ പ്രാതിനിധ്യം കൂടിയ നിയമസഭ, ആകെ 29 വനിതാ എംഎല്‍എമാര്‍, പകുതിയും ബിരുദമില്ലാത്തവര്‍

പാട്‌ന: ബീഹാറിലെ തിരഞ്ഞെടുപ്പു ഫലം പൂര്‍ണമായി പുറത്തു വന്നിരിക്കുമ്പോള്‍ പാര്‍ട്ടി ഏതായാലും സ്ത്രീസാന്നിധ്യത്തിലും വര്‍ധനയാണുള്ളത്. കഴിഞ്ഞ നിയമസഭയില്‍ 26 വനിതകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ വനിതകളുടെ എണ്ണം മൂന്നു കൂടി ഇരുപത്തൊമ്പതായി ഉയര്‍ന്നു. അതായത് മൊത്തം നിയമസഭാംഗങ്ങളില്‍ പന്ത്രണ്ടു ശതമാനം വനിതകളാണ്.

എന്നുമാത്രമല്ല, വനിതകളുടെ ഗണത്തില്‍ തന്നെ യുവരക്തത്തിനാണ് പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. ജയിച്ചു വന്നിരിക്കുന്ന വനിതകളില്‍ പതിമൂന്നു പേര്‍ ഇരുപത്തഞ്ചിനും മുപ്പത്തൊമ്പതിനും മധ്യേ പ്രായമുള്ളവരാണ്. പിആര്‍എസ് ലെജിസ്ലേറ്റിവ് റിസര്‍ച്ച് പുറത്തു വിട്ടിരിക്കുന്ന കണക്കുകളിലാണ് വനിതാ പ്രാതിനിധ്യം കൃത്യമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി സ്ഥാനം എന്ന അനുപാതം വനിതകളുടെ കാര്യത്തിലും പാലിക്കുകയാണെങ്കില്‍ അഞ്ചോളം വനിതാ മന്ത്രിമാര്‍ക്കും സാധ്യത കല്‍പിക്കപ്പെടുന്നു. നാളെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയാകുമ്പോഴേ വനിതാ മന്ത്രിമാരുടെ കാര്യം തീരുമാനമാകൂ.

ബീഹാറില്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ നാല്‍പതു ശതമാനം എംഎല്‍എമാരും കോളജ് ബിരുദമില്ലാത്തവരാണ്. വനിതാ എംഎല്‍എമാരിലെ പകുതിയോളം പേരും ബിരുദമില്ലാത്തവര്‍ തന്നെ.