ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ പോരാട്ടം കൂടുതല്‍ കലുശിതമാക്കി സ്‌കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് (Skoda Kushaq Facelift) അവതരിച്ചു. പുത്തന്‍ ഡിസൈനും മോഡേണ്‍ ഫീച്ചറുകളുമായാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്.
കുഷാഖിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സെഗ്മെന്റഡ് എല്‍ഇഡി ഇന്‍സെര്‍ട്ടുകളോട് കൂടിയ പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ബമ്പര്‍, പുതിയ ഹെഡ്ലാമ്പുകള്‍ എന്നിവയടങ്ങുന്ന കുഷാഖിന്റെ പുത്തന്‍ ഫ്രണ്ട് ഫാസിയ പ്രീമിയം ലുക്ക് നല്‍കുന്നു. കാഴ്ചയില്‍ കുഷാഖിന്റെ ‘മൂത്ത സഹോദരനായ’ സ്‌കോഡ കൊഡിയാക്കിനെ അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗാണ് കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചത്.
പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ കുഷാഖിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. എല്‍ഇഡി കണക്റ്റഡ് ലൈറ്റ് ബാറോട് കൂടിയ പുത്തന്‍ ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തെ പ്രധാന ആകര്‍ഷണം.
വാഹനത്തിന്റെ അകത്തളത്തിലും വിപുലമായ മാറ്റങ്ങള്‍ സ്‌കോഡ വരുത്തിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആദ്യമായി റിയര്‍ സീറ്റ് മസാജ് ഫങ്ഷന്‍ ലഭിക്കുന്ന കാറായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മാറി. പ്രീമിയം ലെതറെറ്റ് സീറ്റുകളും 6 വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യം വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവുമുണ്ട്.
10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ കാണാം. അപ്‌ഡേറ്റിന്റെ ഭാഗമായി കുഷാഖില്‍ സണ്‍റൂഫ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാക്കി മാറ്റി. താഴ്ന്ന വേരിയന്റുകളില്‍ ഇലക്ട്രിക് സണ്‍റൂഫും ഉയര്‍ന്ന വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ് ആണ് നല്‍കിയിരിക്കുന്നത്.റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡീഫോഗറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിമ്മുകള്‍, റിയര്‍ വൈപ്പറുകള്‍ എന്നിവയും ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.
സേഫ്റ്റിയുടെ കാര്യത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്‌കോഡ കാറുകളുടെ പാരമ്പര്യം കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റും പിന്തുടരുന്നു. മുമ്പത്തെ പോലെ തന്നെ സുരക്ഷിതമായ യാത്രാ അനുഭവം കുഷാഖ് ഫെയ്സ്ലിഫ്റ്റും ഉറപ്പുനല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
കുഷാഖിലെ പരിചിതമായ 1.0 ലിറ്റര്‍ TSI, , 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുകള്‍ മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാറ്റമുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സുകള്‍ക്ക് പുറമെ പുതിയ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടിയുണ്ട്.
കുഷാഖിന് സ്‌കോഡ 4 വര്‍ഷത്തെ സൂപ്പര്‍ കെയര്‍ വാറണ്ടി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.ഇത് 6 വര്‍ഷം വരെ നീട്ടാനും കഴിയും. എസ്‌യുവിയുടെ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ച് കഴിഞ്ഞു. 2026 മാര്‍ച്ചില്‍ വില പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

