ആണവ കരാർ കാലാവധി അവസാനിച്ചു; ലോകം വീണ്ടും ആയുധമത്സരത്തിന്റെ വക്കിൽ; ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്/മോസ്കോ: അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ പ്രധാന ആണവായുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാർട്ട്’ (New START) ഇന്ന് (2026 ഫെബ്രുവരി 5) ഔദ്യോഗികമായി അവസാനിച്ചു. അരനൂറ്റാണ്ടിനിടെ ആദ്യമായി, ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവശക്തികളുടെ പക്കലുള്ള ആയുധശേഖരത്തിന്മേൽ യാതൊരുവിധ നിയമപരമായ നിയന്ത്രണങ്ങളുമില്ലാത്ത സാഹചര്യം ഇതോടെ സംജാതമായി. ഇത് ആഗോളതലത്തിൽ പുതിയൊരു ആണവ ആയുധമത്സരത്തിന് (Arms Race) തുടക്കമിടുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

2010-ൽ ഒപ്പുവെച്ച ഈ കരാർ പ്രകാരം വിന്യസിക്കാവുന്ന ആണവ പോർമുനകളുടെ എണ്ണം 1,550 ആയി പരിമിതപ്പെടുത്തിയിരുന്നു. കരാർ പുതുക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്താത്തതിനെത്തുടർന്നാണ് ഇന്ന് കരാർ കാലഹരണപ്പെട്ടത്.

“അതിഭീകരമായ നിമിഷം” എന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ ആദ്യമായാണ് ആണവായുധങ്ങൾക്കുമേൽ ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയുണ്ടാകുന്നതെന്നും, അണുയുധങ്ങൾ ഉപയോഗിക്കപ്പെടാനുള്ള സാധ്യത പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ ചർച്ചകൾ പുനരാരംഭിച്ച് പുതിയൊരു കരാറിലെത്താൻ അദ്ദേഹം ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

കരാർ അവസാനിച്ചതോടെ തങ്ങൾ ഇനി നിയന്ത്രണങ്ങൾക്ക് വിധേയരല്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അമേരിക്ക പ്രകോപനപരമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം തൽക്കാലം ആണവായുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്ന പുടിന്റെ മുൻ പ്രസ്താവന റഷ്യ ഇന്ന് ആവർത്തിച്ചിട്ടുണ്ട്.

‘ന്യൂ സ്റ്റാർട്ട്’ കരാർ കാലാവധി കഴിയുന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും, ഇതിനേക്കാൾ മികച്ചതും പ്രായോഗികവുമായ ഒരു പുതിയ കരാർ ഭാവിയിൽ ഉണ്ടാക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.

ലോകം പുതിയൊരു ആയുധമത്സരത്തിലേക്ക് വഴുതി വീഴാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ലിയോ മാർപ്പാപ്പയും ആഹ്വാനം ചെയ്തു.ലോകത്തിലെ ആകെ ആണവായുധങ്ങളുടെ 80 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള ഈ നയതന്ത്ര വിള്ളൽ, ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെയും ആയുധശേഖരം വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *