ചായ്ബാസ (ജാർഖണ്ഡ്): ജാർഖണ്ഡിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി. മാവോയിസ്റ്റ് ഉന്നതതല നേതാവ് പതിറാം മാജി എന്ന അനൽ ദാ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് അനൽ ദാ. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ വനിതാ അംഗങ്ങളാണ്.
വ്യാഴാഴ്ച ആരംഭിച്ച “ഓപ്പറേഷൻ മേഘബുരു’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. 209 കോബ്ര ബറ്റാലിയൻ, ചായ്ബാസ ജില്ലാ പോലീസ്, ജാർഖണ്ഡ് ജാഗ്വാർ എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ അനൽ ദാ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം 17 ആയി.

