തിരുവനന്തപുരം: കേരളത്തിനു വൻ വികസന കുതിപ്പു നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ട വികസന ഉദ്ഘാടനം അനിശ്ചിതമായി വൈകുന്നു. കഴിഞ്ഞ നവംബറിൽ നടത്തേണ്ട ഉദ്ഘാടനം വീണ്ടും നീളുകയാണ്. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനും സംസ്ഥാന സർക്കാരിനു ഗുണം കിട്ടാനും ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
2015ൽ അദാനി കന്പനി കരാർ എടുത്തുതുടങ്ങിയ തുറമുഖ പദ്ധതി 2024ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 2025 മേയിൽ ആയിരുന്നു ഉദ്ഘാടനം. മൂന്നു ഘട്ടമായുള്ള പദ്ധതിയുടെ രണ്ടാം ഭാഗം 2025 നവംബറിൽ ഉദ്ഘാടനം നടത്തുമെന്ന് ആദ്യമേ അറിയിച്ചെങ്കിലും പലതവണ മാറ്റിവച്ചു. പുതുവർഷം ജനുവരിയിൽത്തന്നെ ഉദ്ഘാടനം നടത്തുമെന്നു കരുതിയിരുന്നെങ്കിലും അതും ഇപ്പോൾ നീളുകയാണ്.
2028ൽ പൂർത്തിയാക്കേണ്ട രണ്ടാംഘട്ടത്തിൽ കേന്ദ്ര മാരിടൈം ബോർഡ് നിർദേശിച്ച മാറ്റങ്ങളെല്ലാം നടപ്പാക്കേണ്ടതുണ്ട്. തുറമുഖത്തിന്റെ മൊത്തം ശേഷിയും ആഴവും കൂട്ടുക, ചരക്ക് വിനിമയശേഷി 6.2 ദശലക്ഷം ടിഇയുവായി വർധിപ്പിക്കുക, വിമാന, റോഡ്, ട്രെയിൻ മാർഗങ്ങളിലുള്ള ബന്ധം വികസിപ്പിക്കുക എന്നിവയാണു പൊതുവായി രണ്ടാംഘട്ടത്തിൽ വേണ്ടത്. കപ്പൽ ബർത്തിന്റെ ശേഷി 1200 മീറ്റർ വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ടെയ്നർ യാർഡ് നിർമിക്കുക, ആഴക്കടൽ ചാനലിന്റെ ദൃഢത ശക്തമാക്കുക എന്നിവയും ലക്ഷ്യമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഇപ്പോൾ അറിയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിൽ തീരുമാനത്തിനു കാത്തിരിക്കുകയാണ് കന്പനി അധികൃതർ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുന്പേ ഇനി ഉദ്ഘാടനത്തിനു സാധ്യതയുള്ളൂ.

