‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡിപ്പാട്ടിന്റെ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടു.; പാരഡിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പിന്‍വലിക്കപ്പെട്ടത്

തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായി മാറിയെന്ന് വിലയിരുത്തിയ ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശില്‍പ്പികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പാരഡിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രംവെച്ച വിഡിയോകള്‍ പിന്‍വലിക്കപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരം പൊലീസ് ശേഖരിച്ചിരുന്നു.

പാരഡിപ്പാട്ടിനെതിരായ പരാതി സൈബര്‍ ഓപറേഷന്‍ വിങ്ങാണ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടര്‍ന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി ആവശ്യപ്പെട്ടു.

പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിങ്ങനെ നാലുപേരെ പ്രതി ചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

നവമാധ്യമങ്ങള്‍ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിര്‍മിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തര്‍ക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

അതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിലും വിജയാരവത്തിലും നിറഞ്ഞുനിന്ന പാരഡിഗാനത്തിനെതിരെയാണ് സി.പി.എം തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുക. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നു കാട്ടി പരാതി നല്‍കാനാണ് നീക്കം. തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ഇത് ചട്ടലംഘനമെന്നും കമീഷനെ സമീപിക്കുമെന്നും സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു

സി.പി.എം ജില്ല കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം കമീഷനെ സമീപിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ് സൂചന.

അതേസമയം, കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവും ശക്തമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സി.പി.എം നീക്കം ഇരട്ടത്താപ്പാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *