പരിശീലന പറക്കലിനിടെ വിമാനം കടലിൽ തകർന്നു വീണു ; ഇൻസ്ട്രക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
അഡലെയ്ഡ്: ദക്ഷിണ ഓസ്ട്രേലിയയിലെ ഗൂൾവയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4:20-ഓടെ ഗൂൾവ സൗത്തിന് സമീപമുള്ള മുറെ മൗത്ത് (Murray Mouth) പ്രദേശത്താണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഗൂൾവ എയറിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 210 (Cessna 210) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വട്ടംകറങ്ങിയ ശേഷം കുത്തനെ സമുദ്രത്തിലേക്ക് (ലോങ്ങ് ബേ പ്രദേശം) പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിമാനം വെള്ളത്തിൽ വീണയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. തകർന്ന വിമാനത്തിൽ നിന്നും മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഗൂൾവ എയറിലെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറും പരിചയസമ്പന്നനായ പൈലറ്റുമായ മോർഫെറ്റ് വേൽ സ്വദേശി ലിയോ ഹോവാർഡ് (53), കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനിയായിരുന്ന ഫ്രീലിംഗ് സ്വദേശി ട്രിസ്റ്റൻ ഷെഫേഴ്സ് (18), പസഡീന സ്വദേശിയായ മറ്റൊരു ട്രെയിനി പൈലറ്റ് (20) എന്നിവരാണ് മരിച്ചത്.
അപകടകാരണം സംബന്ധിച്ച് ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് ഡാറ്റ ഉൾപ്പെടെയുള്ളവ പരിശോധിച്ച് എട്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യോമയാന മേഖലയെയാകെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിൽ ദക്ഷിണ ഓസ്ട്രേലിയൻ പോലീസും വിശദമായ അന്വേഷണം നടത്തുന്നുണ്ട്

