അയ്യപ്പസന്നിധിയില്‍ ‘അറപ്പക്കൈ’ വീര്യം; വീരമണികണ്ഠന് അര്‍ച്ചനയായി വടക്കന്‍ കളരി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്നെത്തിയ ‘ശിവശക്തി കളരി സംഘം’ സന്നിധാനത്തെ വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചപ്പോള്‍ അത് വില്ലാളിവീരനായ അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനയായി മാറി.
വടക്കന്‍ ചിട്ടയിലെ സവിശേഷമായ ‘അറപ്പക്കൈ’ സമ്പ്രദായമാണ് ശിവശക്തി സംഘം പിന്തുടരുന്നത്. വാള്‍പ്പയറ്റും കത്തിപ്പയറ്റും വടിപ്പയറ്റും സമന്വയിക്കുന്ന ഈ രീതിയുടെ പൂര്‍ണ്ണത മെയ്ത്താരിയിലും അങ്കത്താരിയിലും വെറുംകൈ പ്രയോഗത്തിലുമായി അവര്‍ സന്നിധാനത്ത് കാഴ്ചവെച്ചു.വടക്കന്‍ കളരിയുടെ തനത് ഗരിമ ഒട്ടും ചോരാതെയാണ് മജീന്ദ്രന്‍ ഗുരുക്കളും ഏഴ് ശിഷ്യന്മാരും ചേര്‍ന്ന് ആയുധവിദ്യയുടെ അധിപനായ അയ്യപ്പന് മുന്നില്‍ ചുവടുവച്ചത്.

സംഘത്തിലെ ഇളമുറക്കാരനായ ഏഴ് വയസ്സുകാരന്‍ വേദിക് ദേവിനെ കൂടാതെ നവീന്‍ കൃഷ്ണ, ശരത് ലാല്‍,പ്രകാശ്,രഞ്ജിത്ത്,നിഥിന്‍, രാകേഷ് എന്നിവരായിരുന്നു അങ്കത്തട്ടില്‍ ഗുരുവിനൊപ്പം അണിനിരന്ന ശിഷ്യന്മാര്‍.

പേരാമ്പ്രയിലെ തെരുവത്ത് കടവ്, അമ്പാളിത്താഴ, കണ്ണിപ്പൊയില്‍ റോഡ് എന്നിവിടങ്ങളിലായി മൂന്ന് കളരികളുള്ള മജീന്ദ്രന്‍ ഗുരുക്കള്‍ക്ക്,അയ്യപ്പസന്നിധിയിലെ ഈ പ്രകടനം വ്രതശുദ്ധിയുടെ സാക്ഷാത്കാരമാണ്.കോവിഡ് കാലത്തെ അനിവാര്യമായ ഇടവേളയൊഴിച്ചാല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി മുടങ്ങാതെ മണീന്ദ്രന്‍ ഗുരുക്കളും സംഘവും സന്നിധാനത്ത് കളരി അവതരിപ്പിക്കാനെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *