മാനന്തവാടി: ചിറക്കരയിൽ കടുവയെ കണ്ടതിനെത്തുടർന്ന് വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് നാല് കാമറകൾ സ്ഥാപിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുമടങ്ങുന്ന 21 അംഗസംഘമാണ് തെരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പ്രദേശവാസിയായ ഷഹലാസ് ജോലിക്കുശേഷം വീട്ടിലേക്ക് മടക്കുന്നതിനിടെ എണ്ണപ്പനത്തോട്ടത്തിൽ കടുവയെ കണ്ടത്.
ഇദ്ദേഹം മൊബൈലിൽ വീഡിയോ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് അധികൃതർ രാത്രിയിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്‍പും ചിറക്കരയുടെ വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
തോട്ടം തൊഴിലാളികളുൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയാണിത്. ജനവാസമേഖലയിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയാണ് ഇന്നലെ കടുവയെ കണ്ടത്. വനംവകുപ്പ് മൈക്ക് അനൗണ്‍സ്മെന്റിലൂടെ മുന്നറിയിപ്പ് നൽകി. കടുവാ സാന്നിധ്യത്തിൽ സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വനം വകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായി ഇടപെടലുകൾ ഉണ്ടാകുമെന്ന് തലപ്പുഴ ഡെപ്യൂട്ടി റേഞ്ചർ സുബൈർ പറഞ്ഞു. കടുവയെ ഉടൻ പിടികൂടി ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

