തിരുവനന്തപുരം ∙ ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ചെങ്കിലും കോർപറേഷനിലെ എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ അമർഷം. 8 സ്ഥിരം സമിതികൾ ഉള്ളതിൽ നികുതി അപ്പീൽ സ്ഥിര സമിതിയിലേക്ക് ഒരു അംഗം മാത്രം നാമ നിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്നാണ് പാർട്ടി നിർദേശം. ഇതു കാരണം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒരുമിച്ചില്ല എങ്കിൽ പോലും നികുതി– അപ്പീൽ സ്ഥിര സമിതി അധ്യക്ഷ സ്ഥാനം ബിജെപിയുടെ കയ്യിൽ നിന്ന് പോകാനാണ് സാധ്യത.8 സ്ഥിരം സമിതികളാണ് കോർപറേഷനിലുള്ളത്. ഇതിൽ ഡപ്യൂട്ടി മേയർ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ധനകാര്യ സ്ഥിര സമിതിയിൽ വോട്ടെടുപ്പ് ഇല്ല. മറ്റ് 7 സ്ഥിര സമിതികളിൽ 6 വീതം അംഗങ്ങളെ ഉൾപ്പെടുത്താനായിരുന്നു തിങ്കളാഴ്ച നടത്തിയ യോഗത്തിലുണ്ടായ തീരുമാനം. എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു തീരുമാനം. എന്നാൽ ഇന്നലെ പൊടുന്നനെ നിലപാട് മാറ്റി. അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഇല്ലാത്ത ധനകാര്യ സ്ഥിര സമിതിയിലുൾപ്പെടെ 7 വീതം അംഗങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 50 അംഗങ്ങൾ മാത്രമുള്ള ബിജെപി, 7 സ്ഥിരം സമിതികളിൽ അംഗങ്ങളെ വിന്യസിച്ചപ്പോൾ നികുതി– അപ്പീൽ സമിതിയിൽ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയായി. അപ്രധാനമായ സ്ഥിര സമിതി വേണമെങ്കിൽ പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എടുത്തോട്ടെ എന്ന നിലപാട് എടുത്തതാണ് കൗൺസിലർമാരുടെ യോഗത്തിൽ പ്രതിഷേധമുണ്ടാകാൻ കാരണം.വോട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിചയപ്പെടുത്താൻ ഇന്നലെ രാവിലെ 10ന് നിശ്ചയിച്ച യോഗം വൈകിട്ട് മൂന്നിനാണ് തുടങ്ങിയത്. എൽഡിഎഫിന് 53 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന കഴിഞ്ഞ കൗൺസിലിൽ ധനകാര്യ സ്ഥിര സമിതിയിൽ ബിജെപി അംഗങ്ങൾക്കായിരുന്നു ഭൂരിപക്ഷം. ധനകാര്യ സമിതി പാസാക്കിയാൽ മാത്രമേ ഡപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാൻ കഴിയൂ. ബിജെപി അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തിയതോടെ 2024 ലെ ബജറ്റ് അവതരണം അനിശ്ചിതത്വത്തിലായി. വോട്ടെടുപ്പ് ഇല്ലെങ്കിലും ധനകാര്യ സമിതിയിൽ പ്രതിപക്ഷ പാർട്ടി അംഗങ്ങളെ കൂടുതലായി വിന്യസിച്ചാലുള്ള തിരിച്ചടി ഭയന്നാണ് ഒരു സ്ഥിര സമിതി നഷ്ടപ്പെട്ടാലും മറ്റ് 7 സമിതികളിലും 7 അംഗങ്ങളെ വീതം ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് സൂചന. സ്ഥിര സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളിൽ മിക്കവരെയും തഴഞ്ഞതിലും പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.
മുൻ നിലപാട് പൊടുന്നനെ മാറ്റി, നേതാക്കളെ തഴഞ്ഞു; തിരുവനന്തപുരം കോർപറേഷൻ പിടിച്ചെങ്കിലും ബിജെപിയിൽ അമർഷം.

