കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഉയരത്തില്‍ നിന്ന് സ്വര്‍ണവില കൈവിട്ടു താഴേക്ക്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കീഴിലുള്ള ആഭരണശാലകളില്‍ ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 12,990 രൂപയിലും പവന് 1,03,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 55 രൂപ താഴ്ന്ന് 10,775 രൂപയിലെത്തി.
ശനിയാഴ്ച വൈകുന്നേരം എകെജിഎസ്എംഎയുടെ വില പ്രകാരം ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 13,055 രൂപയും പവന് 880 രൂപ വര്‍ധിച്ച് 1,04,440 രൂപയുമെന്ന സര്‍വകാല ഉയരത്തില്‍ എത്തിയിരുന്നു. അതേസമയം,ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) എന്ന സംഘടനയുടെ കീഴിലുള്ള ആഭരണശാലകള്‍ ശനിയാഴ്ച രാവിലെ നിശ്ചയിച്ച വിലതന്നെ നിലനിര്‍ത്തി. ഇവരുടെ നിര്‍ണയപ്രകാരം ഇന്ന് ഗ്രാം വില 12,945 രൂപയും പവന്‍ വില1,03,560 രൂപയുമാണ്.
ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടര്‍ന്ന സ്വര്‍ണം 24ന് പവന് 280 രൂപയും 25ന് 240 രൂപയും ഉയര്‍ന്നു.ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വര്‍ഷാവസാനം ലക്ഷം ഭേദിച്ചത്.
ഡിസംബര്‍ തുടക്കത്തില്‍ വന്‍കുതിപ്പിനു ശേഷം സ്വര്‍ണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു.ഡിസംബര്‍ 12ന് ഒറ്റയടിക്ക്1,400 രൂപ ഉയര്‍ന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയര്‍ന്നു.വീണ്ടും കുതിപ്പ് തുടര്‍ന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.

