തിരുവനന്തപുരം: പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമായിരുന്ന പോത്തൻകോട് – മംഗലപുരം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവ്വഹിച്ചു. നമ്മുടെ നാട് സ്വപ്നം കണ്ട എല്ലാ പദ്ധതികളും കഴിഞ്ഞ പത്തു വർഷം കൊണ്ട് പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള എല്ലാ പൊതു പ്രസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 20 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി കിഫ്ബിയിൽ നിന്നും 170 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് ഇപ്പോൾ ആധുനിക രീതിയിൽ നവീകരിച്ചത്. 67.63 കോടി രൂപയാണ് ഈ റീച്ചിനായി ചെലവഴിച്ചത്. റോഡ് നിർമ്മാണത്തിന് 47.16 കോടിയും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ അനുബന്ധ ജോലികൾക്കായി യഥാക്രമം 3.22 കോടി, 6.64 കോടി രൂപ വീതവും വിനിയോഗിച്ചു.
13.6 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്താണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ 10 മീറ്റർ ടാറിംഗും ഇരുവശങ്ങളിലുമായി 1.8 മീറ്റർ വീതം ഓടയും യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തി ഡിസൈൻ റോഡായാണ് നിർമ്മാണം പൂർത്തിയാക്കിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലും സ്കൂൾ പരിസരങ്ങളിലും ഫുട്പാത്തുകളും ഹാൻഡ്റെയിലുകളും സ്ഥാപിച്ചു. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ 277 പേർക്കായി 12.61 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. റോഡ് നവീകരണത്തിന്റെ ഭാഗമായി യാത്രക്കാർക്കായി പുതിയ വെയിറ്റിംഗ് ഷെഡുകളും പാതയോരത്ത് ഒരുക്കിയിട്ടുണ്ട്.

