പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സർക്കാരിന് തന്നെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതികളുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സർക്കാരിനുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രളയം മനുഷ്യനിർമ്മിതമാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയെ മുൻനിർത്തിയായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഡാമുകൾ തുറന്നുവിട്ടതിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രളയം പ്രകൃതിദുരന്തമല്ല, മറിച്ച് സർക്കാരിന്റെ വീഴ്ചകൾ കൊണ്ട് ഉണ്ടായതാണെന്ന് ചെന്നിത്തല ആവർത്തിച്ചു. ഡാം മാനേജ്‌മെന്റിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് ഭയമില്ലെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ഈ വിഷയം സജീവമായി ചർച്ച ചെയ്യുമെന്നും, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *