തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി നിര്‍ണയമാണ്.നാളെ രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും അരമണിക്കൂര്‍ കഴിയുമ്പോള്‍ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങും.വോട്ടെടുപ്പിന് ശേഷം വിവിധ കേന്ദ്രങ്ങളില്‍ അതീവ സുരക്ഷയില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടു യന്ത്രങ്ങള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചാണ് വോട്ടെണ്ണല്‍ തുടങ്ങുക.

സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.വോട്ടെണ്ണലിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയതായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പുറത്തും സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ശക്തമായ പോലീസ് സുരക്ഷയും ഉറപ്പുവരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.സ്ഥാനാര്‍ത്ഥിയോ , സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റ് മാരുടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക.വാര്‍ഡുകളുടെയും / ഡിവിഷനുകളുടെയും ക്രമനമ്പര്‍ പ്രകാരമാണ് വോട്ട് എണ്ണി തുടങ്ങുക. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും.തുടര്‍ന്നാണ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിക്കുക.

പോളിങ്ങില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനത്തിന്റെ കുറവ് ഉണ്ടെങ്കിലും ഇടത്- വലത് മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഇടത് മുന്നണിക്കാണ് മുന്‍തൂക്കം

ഇടത് മേധാവിത്വം തകര്‍ത്ത് നേട്ടം കൊയ്യുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സംസ്ഥാനത്തെ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഏഴ് വടക്കന്‍ ജില്ലകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *