ന്യൂയോർക്ക്: കോടിക്കണക്കിനു വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ തമ്മിൽ ചേരുകയും വേർപെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്ക പതുക്കെ രണ്ടായി പിളരുകയാണെന്നും അവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടാൻ പോകുകയാണെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളലാണ് ഈ മാറ്റത്തിനു കാരണമെന്ന് ഗവേഷകർ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ ആഫ്രിക്കയുടെ കിഴക്കൻ ഭാഗം (സൊമാലിയൻ പ്ലേറ്റ്), പ്രധാന ഭൂഖണ്ഡത്തിൽ (നുബിയൻ പ്ലേറ്റ്) നിന്ന് സാവധാനം അകലുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്ററോളം നീളത്തിലാണ് ഈ വിള്ളൽ പടർന്നുകിടക്കുന്നത്.
ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തിന്റെ പ്രധാന കേന്ദ്രം എത്യോപ്യയിലെ അഫാർ മേഖലയാണ്. -ട്രിപ്പിൾ ജംഗ്ഷൻ- എന്നു വിളിക്കപ്പെടുന്ന ഇവിടെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളാണ് (അറേബ്യൻ, നുബിയൻ, സൊമാലിയൻ) പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും ഈ വിള്ളലുകളിലൂടെയാണ് രൂപപ്പെട്ടത്. ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിലേക്കും ഈ വിള്ളൽ വ്യാപിക്കുകയാണ്. ഈ വിള്ളലുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയൊരു ദ്വീപായി മാറുകയും ഇടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിനു വർഷങ്ങൾ കഴിയുമ്പോൾ, ഇന്നത്തെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂപടം പൂർണമായും മാറും.
നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഈ മാറ്റം ഭൂമിക്കടിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലേറ്റുകൾ അകലുമ്പോൾ ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമായേക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു പുതിയ സമുദ്രം പൂർണമായി രൂപപ്പെടാൻ ഇനിയും ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തേക്കാം. നിലവിൽ വടക്കൻ മേഖലകളിലാണ് വിള്ളലിന്റെ വേഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മഹാമാറ്റം വരും തലമുറകൾക്കു മുന്നിൽ ഒരു പുതിയ ലോകഭൂപടംതന്നെ തുറന്നിടും എന്നതിൽ സംശയമില്ല.

