ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ രണ്ടാം തീയതി വരെയാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കും ചർച്ചകൾക്കുമാണ് പാർലമെന്റ് സാക്ഷ്യം വഹിക്കുക.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം ഇന്ന് സഭ പരിഗണിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ സ്പീക്കർ പക്ഷപാതപരമായി പെരുമാറി എന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭാ സെക്രട്ടറി ജനറലിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ഇറാൻ-ഇസ്രായേൽ സംഘർഷം ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് സഭയിൽ ഔദ്യോഗിക പ്രസ്താവന നടത്തും. മേഖലയിലെ ഇന്ത്യൻ താല്പര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം വിശദീകരിച്ചേക്കും.

