സിഡ്‌നി: ഓസ്‌ട്രേലിയൻ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അധ്യായങ്ങളിലൊന്നായ ഹെലൻ പട്രീഷ്യ മൂർ എന്ന പരമ്പരക്കൊലപാതകിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1979-ൽ കൊല്ലപ്പെട്ട 16 മാസം പ്രായമുള്ള സൂസൻ ലൂയിസിന്റെ മാതാപിതാക്കളായ പാറ്റും ബില്ലുമാണ് അൻപത് വർഷത്തെ മൗനത്തിന് ശേഷം തങ്ങളുടെ ദുരനുഭവം പരസ്യമായി പങ്കുവെച്ചത്. സ്വന്തം സഹോദരനടക്കം അഞ്ച് കുരുന്നുകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഹെലൻ മൂർ എന്ന കൗമാരക്കാരിയുടെ ക്രൂരതകൾ അന്ന് അധികൃതർ ഗൗരവമായി എടുത്തിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.
1979 മെയ് മാസത്തിലെ ഒരു രാത്രിയിൽ സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന പാറ്റിനും ബില്ലിനും തങ്ങളുടെ മകളെ നോക്കാൻ ഏൽപ്പിച്ചിരുന്ന അനന്തരവൾ ഹെലൻ മൂറിന്റെ ഫോൺ കോൾ വരികയായിരുന്നു. കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ക്ലിനിക്കിലേക്ക് മാറ്റിയെന്നുമായിരുന്നു വിവരം. എന്നാൽ ദമ്പതികൾ എത്തുമ്പോഴേക്കും തങ്ങളുടെ കുഞ്ഞ് മരിച്ചതായാണ് അറിഞ്ഞത്. തങ്ങളുടെ മകളെ ഹെലൻ കൊലപ്പെടുത്തിയതാണെന്ന് അന്നേ സംശയമുണ്ടായിരുന്നെന്നും എന്നാൽ പോലീസിനോട് ഇത് പറഞ്ഞപ്പോൾ അവർ തള്ളിക്കളയുകയായിരുന്നുവെന്നും പാറ്റ് വെളിപ്പെടുത്തി. പോലീസ് അന്ന് ഗൗരവമായി അന്വേഷിച്ചിരുന്നെങ്കിൽ മറ്റ് കുട്ടികളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന വേദനയും ഇവർ പങ്കുവെച്ചു.
പതിനേഴാം വയസ്സിലാണ് ഹെലൻ മൂർ കൊലപാതക പരമ്പര തുടങ്ങിയത്. തന്റെ രണ്ടു വയസ്സുകാരനായ സഹോദരൻ ആൻഡ്രൂവിന്റെ മരണമുണ്ടാക്കിയ മാനസിക വിഷമമാണ് കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്നാണ് ഹെലൻ അവകാശപ്പെട്ടിരുന്നത്. 1979 മാർച്ചിലാണ് ആൻഡ്രൂവിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഹെലന്റെ സുഹൃത്തായിരുന്ന കാറ്റ് ഡെലാനി ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഈ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
“താൻ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് ഹെലൻ എന്നോട് പറഞ്ഞിരുന്നു,” കാറ്റ് ഡെലാനി ഓർക്കുന്നു. സഹോദരന്റെ മരണത്തിന് പിന്നാലെ തന്റെ കസിൻ മരിച്ച വിവരവും താനാണ് അത് ചെയ്തതെന്നും ഹെലൻ വെളിപ്പെടുത്തിയതോടെ കാറ്റ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചു. എന്നാൽ ഡെപ്യൂട്ടി പ്രിൻസിപ്പൽ ആ വിവരം ഗൗരവത്തിലെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
പിന്നീട് തന്റെ കുറ്റകൃത്യങ്ങൾ സമ്മതിച്ച ഹെലൻ മൂറിന് 1980-ൽ കോടതി മൂന്ന് ജീവപര്യന്തം തടവും രണ്ട് വധശ്രമങ്ങൾക്ക് പത്ത് വർഷം അധിക തടവും വിധിച്ചു. എങ്കിലും വെറും 13 വർഷവും 9 മാസവും മാത്രം ശിക്ഷ അനുഭവിച്ച ശേഷം ഇവർ പുറത്തിറങ്ങി. ദശകങ്ങൾക്ക് ശേഷം കേസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവരുന്നത് ഓസ്‌ട്രേലിയൻ ജനതയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്

