തളരാത്ത ഗൗരി കരയാത്ത ഗൗരി,ഗൗരിയമ്മയോടൊപ്പം 40 വര്‍ഷങ്ങള്‍; കേരള രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്കു വനിതയെ അടുത്തറിയാന്‍ ഒരു പുസ്തകം

കേരള രാഷ്ട്രീയ ചരിത്രത്തില്‍ സമര വീര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പര്യായായമായി നാം കണ്ട ഉരുക്കു വനിത എന്ന കെ.ആര്‍.ഗൗരിയമ്മക്ക് പുറലോകം അറിയാത്ത മറ്റൊരു മുഖമുണ്ടായിരുന്നു.വാത്സല്യം നിറഞ്ഞ തമാശകള്‍ പറയുന്ന കൃഷ്ണഭക്തയായ, സ്‌നേഹിച്ചവരെ ചേര്‍ത്തു പിടിക്കുന്ന കുഞ്ഞമ്മ. മന്ത്രി മന്ദിരത്തിലെ അടുക്കള വിശേഷങ്ങള്‍ മുതല്‍ ഗൗരിയമ്മയുടെ സ്വകാര്യ ദുഃഖങ്ങളും പ്രണയവും രാഷ്ട്രീയ പോരാട്ടങ്ങളും അനാവരണം ചെയ്യുന്ന ഏറ്റവും പുതിയ പുസ്തകമാണ് ഇന്ദിരാ തുറവൂര്‍ എഴുതിയ ‘തളരാത്ത ഗൗരി കരയാത്ത ഗൗരി..ഗൗരിയമ്മയോടൊപ്പം 40 വര്‍ഷങ്ങള്‍; എന്ന ഓര്‍മ്മകുറിപ്പുകള്‍.

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര തുറവൂരിന്റെ നാലാമത്തെ പുസത്കമാണിത്.10 വര്‍ഷത്തോളം ഗൗരിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും 40 വര്‍ഷത്തോളം ഏറെ അടുപ്പക്കാരിയുമാ യിരുന്ന ഇന്ദിരയുടെ തൂലികയിലൂടെ ഗൗരിയമ്മയുടെ സ്‌നേഹമസൃണവും ലാളിത്യവും നിറഞ്ഞ വേറിട്ടൊരു മുഖമാണ് വായനക്കാര്‍ക്ക് മുന്നില്‍ വെളിവാകുന്നത്.

ഗൗരിയമ്മ ജീവിച്ചിരുന്നപ്പോള്‍ പകുതി കൂടുതല്‍ എഴുതിയിരുന്നു,അവരോടു പറയുകയും ചെയ്തിരുന്നു.പിന്നീട് കോവിഡ് കടന്നു വരികയും ഗൗരിയമ്മ വിട പറയുകയും ചെയ്തപ്പോള്‍ പാതി വഴിയില്‍ മുടങ്ങി.പ്രവാദ് ബുക്കസ്പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ അക്ഷരകൂട്ടമായി എന്ന് ഇന്ദിരാ തുറവൂര്‍ പറയുന്നു.

അടുപ്പം ഉള്ളവര്‍ കുഞ്ഞമ്മ എന്നു വിളിക്കുന്ന ഗൗരിയമ്മ എന്ന ഇതിഹാസത്തിന്റെ അധികമാരും അറിയാത്ത രസകരവും സംഭവബഹുലവുമായ ഏടുകളാണ് ഈ ഓര്‍മ്മ കുറിപ്പില്‍ ഉള്ളത്.40 വര്‍ഷം ഗൗരിയമ്മയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ അവരുടെ ജീവിതത്തിലെ കയ് പ്പും മധുരവും കോര്‍ത്തിണക്കി, രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊപ്പം,ഉള്ളിന്റെ ഉള്ളിലെ പ്രണയവും,ഭക്തിയും,വാത്സല്യവും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകള്‍ ആണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

‘പൂട്ടുകുറ്റിക്ക് ചില്ലില്ലാത്തപ്പോള്‍ തേങ്ങയുടെ മടലില്‍ നിന്നു പൂവിതള്‍ കൊണ്ടു അടപ്പുണ്ടാക്കിയ മന്ത്രി.മന്ത്രി മന്ദിരത്തിലെ മീന്‍ കള്ളനെ കയ്യോടെ പിടികൂടിയ വീട്ടുകാരി എന്നിങ്ങനെ ഒരുപാട് രസകരമായ ഓര്‍മ്മകള്‍ ഈ ബുക്കില്‍ ഉണ്ട്. ഈ ഓര്‍മ്മകള്‍ വേറെ ആര്‍ക്കും പങ്കു വയ്ക്കുവാന്‍ സാധിക്കില്ല എനിക്കുമാത്രം സ്വന്തമെന്ന് എഴുത്തുകാരി പറയുന്നു.

വായനക്കാര്‍ക്ക് ആസ്വദിച്ചു വായിക്കുവാന്‍ പറ്റുന്നതും പുതു തലമുറക്ക് ഗൗരിയമ്മ എന്ന ഉരുക്കു വനിതയെ തിരിച്ചറിയുവാനും കേരള രാഷ്ട്രീയത്തില്‍ അവര്‍ ആരായിരുന്നു എന്നും ഈ ഓര്‍മ്മ കുറിപ്പിലൂടെ അറിയുവാന്‍ സാധിക്കും.ഇനിയുള്ള രാഷ്ട്രീയത്തില്‍ ഒരു ഉരുക്കു വനിത ഉണ്ടാകില്ല.അതു ഗൗരിയമ്മക്ക് സ്വന്തം

Leave a Reply

Your email address will not be published. Required fields are marked *