പ്രപഞ്ചം സാക്ഷി (കഥ)

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെയും കണ്ട്
മരുന്നും മേടിച്ചു
തിരിച്ചു വീട്ടിലേക്ക് പോകുവാന്‍
പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലേക്ക് നടക്കും വഴി
സ്റ്റാന്‍ഡിന്റെ
അടുത്തുള്ള
ഹോട്ടലിന് മുന്നില്‍ എത്തിയപ്പോള്‍ മത്തായി
ഭാര്യ അന്നയോട് പറഞ്ഞു

‘എടിയെ..അന്നക്കുട്ടി
നമുക്ക് ഇത്തിരി
ചോറ് ഉണ്ടിട്ടു പോയാലോ’

‘വീട്ടില്‍ പോയി കഴിച്ചാല്‍ പോരെ….
നിങ്ങള്‍ക്ക് ഇത്ര പെട്ടന്ന് വിശപ്പ് ആയോ ‘

അന്ന ഭര്‍ത്താവിനെ നിരാശപ്പെടുത്തുന്ന വണ്ണം ചോദിച്ചു

‘രാവിലെ ഒരു ഉണക്കയട കഴിച്ചിട്ട് പോന്നതല്ലെടി
വിശക്കാന്‍ തുടങ്ങി…
അതാ ഞാന്‍ പറഞ്ഞത് ‘

‘അത് അച്ചായാ..
ഇനി വണ്ടിക്കൂലി കഴിഞ്ഞിട്ട് ഒരു നൂറു രൂപ ബാക്കി കാണും
അഞ്ഞൂറ് രൂപേടെ മരുന്ന്
നീതി മെഡിക്കലില്‍ നിന്നും
വാങ്ങിയില്ലേ..’

‘സാരമില്ലെടി അന്നേ..
നൂറു രൂപ ഉണ്ടല്ലോ
നമുക്ക് ഒരു ഊണ് വാങ്ങി
രണ്ട് പേര്‍ക്ക് കൂടി
കഴിക്കാം ‘

‘ശരി… എന്നാല്‍ അച്ചായന്‍
കഴിച്ചോ… എനിക്ക് വേണ്ട
എനിക്ക് വിശക്കുന്നില്ല ‘

അന്നക്കുട്ടി
ആ പറഞ്ഞത്
കള്ളം ആണെന്ന് മത്തായിക്ക്
അറിയാം

‘ശരി നമുക്ക് കേറാം ‘

മത്തായിയും ഭാര്യ അന്നയും
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി..
തിരിച്ചു പോരും വഴിയാണ്
മുണ്ടക്കയം ആണ് അവരുടെ വീട്..
മത്തായിക്ക് കരളിന് അസുഖം
ആണ്..
കൂടെ ശ്വാസംമുട്ടലും
കല്‍പ്പണിക്കാരന്‍ ആയിരുന്നു
അയാള്‍
ആയ കാലം വീടും ഭാര്യയും മക്കളും മാത്രമായി ഒതുങ്ങി
മറ്റുള്ള കൂട്ട് പണിക്കാരെ
വെച്ചു നോക്കുമ്പോള്‍
കുടിയില്ല വലിയല്ല
കുടുംബം കുട്ടികള്‍
അത് തന്നെ ലോകം

മത്തായിക്കും അന്നക്കുട്ടിക്കും
രണ്ട് മക്കള്‍
ഒരാണും
ഒരു പെണ്ണും
പെണ്ണിനെ കട്ടപ്പന കെട്ടിച്ചു വിട്ടു…
അവള്‍ കെട്ടിയോനും രണ്ട് പിള്ളേരുമായി
ഒരുവിധം നന്നായി ജീവിക്കുന്നു

ചെറുക്കന്‍ കണ്ണൂരില്‍ നിന്നും കെട്ടി…
അവന് കൊല്ലത്ത് ആണ് ജോലി..
ഏതോ പ്രൈവറ്റ് സ്ഥാപനത്തില്‍
മാസത്തില്‍ ഒരു തവണ
വരും
അപ്പോള്‍ മത്തായിക്കും
അന്നയ്ക്കുമുള്ള
ചികിത്സാ കാശ് കൊടുത്തിട്ട് പോകും

പ്രായം ആയപ്പോള്‍ മത്തായിക്ക് അസുഖങ്ങളുടെ
ഘോഷയാത്ര ആരംഭിച്ചു
കരള്‍ ആമാശയം ഇവക്ക്
പ്രശ്‌നം … പിന്നെ പ്രഷര്‍ ഷുഗര്‍
കൊളസ്ട്രോള്‍..
അന്നക്കുട്ടിക്കും ഉണ്ട് ഷുഗര്‍
പ്രഷര്‍ എന്നിവ
മരുന്നിനു തന്നെ വേണം
ഒരു മാസം രണ്ടായിരം രൂപ

മത്തായി എല്ലാരോടും പറയും

‘എനിക്ക് വയസ്സാം കാലം
ഒരു കുഴപ്പവുമില്ല
ചെറുക്കന്‍ മരുന്നിനു പൈസ തരും.. സുഖം ‘

പക്ഷേ.. അത്ര സുഖകരമല്ല
അവരുടെ.. വീട്ടിലെ ജീവിതം എന്ന് ദൈവം ഒഴിച്ച് ആര്‍ക്കും
അറിയില്ല
അന്ന മകളോട് മാത്രം
ചില കാര്യങ്ങള്‍ പറയും
അതും കുറച്ചൊക്കെ..

മരുമകള്‍ വല്ലാത്ത ദേക്ഷ്യത്തോടെ ആണ്
മത്തായിയോടും അന്നയോടും
പെരുമാറുന്നത്
അവര്‍ക്ക് കുട്ടികള്‍
ഇല്ലാത്തതിന്റെ ദേഷ്യവും
ഭര്‍ത്താവ് ദൂരെ ജോലിക്ക്
പോകുന്നതിന്റെ
പരിഭവവും..
അത് തീര്‍ക്കുന്നത്
മത്തായിയോടും
അന്നക്കുട്ടിയോടും

മത്തായിയുടെ കാര്യങ്ങള്‍
വേണേ അന്ന നോക്കിക്കോണം
രാവിലത്തെ കാപ്പി
കുളിക്കാനുള്ള ചൂട് വെള്ളം
മത്തായിയുടെ തുണി കഴുകല്‍
ഇതൊക്ക അന്നയുടെ
ചുമതല ആണ്
മകന്‍ ഇതില്‍ പലതും
അറിയുന്നില്ല..
അല്ലെങ്കില്‍
പലതും അറിഞ്ഞില്ലെന്നു
നടിക്കുന്നു

ഒരിക്കല്‍ ലീവിന് വന്നപ്പോള്‍
മത്തായി മകനോട് പറഞ്ഞു

‘എടാ നിന്റെ അമ്മക്ക് തീരെ വയ്യ എന്റെ കാര്യം പോട്ടെ
അവളെ ഇട്ട് കഷ്ടപെടുത്തുകയാണ്
നിന്റെ ഭാര്യ ‘

ഞാന്‍ എന്ത് ചെയ്യാനാ
അപ്പാ… ജോലിയും കൂലിയും
ഇല്ലാതെ ഇവിടെ വന്ന് നില്‍ക്കാന്‍
പറ്റുമോ എനിക്ക്
ഒക്കെ കണ്ടില്ല കേട്ടില്ല എന്ന്
വെക്ക് ‘

പിന്നെ മത്തായി ഒന്നും
മകനോട് പറഞ്ഞിട്ടില്ല

ഇന്നിപ്പോള്‍
മാസാമാസം ഉള്ള ചെക്കപ്പിന് വന്നതാണ് രണ്ടാളും കൂടി

ഹോട്ടലിന് ഉള്ളിലേക്ക് കയറിയ മത്തായിയും
അന്നക്കുട്ടിയും
ഒഴിഞ്ഞ ഒരു ടേബിളിന് മുന്നില്‍ ഇരുന്നു

‘ഒരു ഊണ് ‘

അന്നക്കുട്ടി സപ്ലെയറോട്
പറഞ്ഞു

സപ്ലെയര്‍ കൊണ്ടുവന്നു വെച്ച
സാധാ ഊണ്
മത്തായി അന്നയുടെയും തന്റെയും
നടുക്കായി വെച്ചു

‘കഴിക്കെടി അന്നേ..’

മത്തായി നിര്‍ബന്ധിച്ചു

‘എനിക്ക് വേണ്ട അച്ചായാ
നിങ്ങള്‍ക്ക് അല്ലേ വിശപ്പ് ‘

‘പറ്റില്ല നീ കഴിച്ചില്ലേല്‍
എനിക്കും വേണ്ട ‘
‘ഇതാ ഇപ്പോ..
നല്ല കൂത്തായേ
വിശക്കുന്നു എന്നും പറഞ്ഞു
കടേല്‍ കേറി ഊണ് വന്നപ്പോള്‍
ഞാന്‍ കഴിച്ചാലേ കഴിക്കു ത്രെ ‘

‘അന്നേ..’

മത്തായി ദയനീയമായി
വിളിച്ചു
ആ വിളിയില്‍…
ആ വിളിയിലെ
സ്‌നേഹത്തില്‍
അന്ന ആ ഇലയിലേക്ക്
കൈ ഇട്ടു..
രണ്ട് പേരും ഊണ് കഴിക്കാന്‍
തുടങ്ങി

അവിടെ ചോറുണ്ണാന്‍
കയറിയ പലരും അവരെ നോക്കി
ചിലര്‍ ഈര്‍ഷ്യയോടെ മുഖം തിരിച്ചു
ചിലര്‍ ആരാധനയോടെ നോക്കി
പലരും പലതും ചിന്തിച്ചു

അപ്പോള്‍ മത്തായിയുടെ
മനസ്സ് വിങ്ങുകയായിരുന്നു

‘പാവം അന്ന എത്ര സന്തോഷത്തോടെ തന്റെ കൂടെ ജീവിതം തുടങ്ങിയതാ
ഇന്നിപ്പോള്‍ മക്കളുടെ
കാലം
വന്നപ്പോള്‍
ഒരു നേരം നന്നായി ആഹാരം
കഴിക്കാന്‍ പോലും
പറ്റുന്നില്ല ‘

ഒരു തുള്ളി കണ്ണുനീര്‍
മത്തായിയുടെ കണ്ണില്‍ നിന്നും
ആ ഇലയിലേക്ക്
വീണു…

അത് കണ്ട അന്നയുടെ ഹൃദയം നൊന്തു
അവര്‍ മനസ്സില്‍ വിലപിച്ചു

‘എന്റെ കര്‍ത്താവേ..
ഈ കണ്ണുനീര്‍ കണ്ട്
എന്റെ മക്കളെ നീ ശപിക്കരുതേ..
അവര്‍ക്ക് നല്ലബുദ്ധി കൊടുക്കണേ
ഞങ്ങളെ മര്യാദക്ക് നോക്കാന്‍
മകന്റെ ഭാര്യക്ക്
നോക്കണേ..’

അറിയാതെ അന്നയുടെ
കണ്ണില്‍ നിന്നും
ആ ഇലയിലേക്ക്
ചുടു ചോര ഇറ്റ് വീഴുന്ന പോലെ
കണ്ണുനീര്‍ തുള്ളികള്‍
അടര്‍ന്നു വീണു..

ആ കണ്ണുനീര്‍തുള്ളികള്‍ക്ക്
പ്രപഞ്ചം മാത്രം സാക്ഷി നിന്നു

കെ ജി മനോജ്‌

Leave a Reply

Your email address will not be published. Required fields are marked *