ജെറുസലേം: ഇറാനെതിരായ സൈനിക നീക്കത്തിലൂടെ ലോകത്തെ മുഴുവൻ സംരക്ഷിക്കുന്നത് ഇസ്രായേലും അമേരിക്കയുമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജെറുസലേമിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ പ്രധാന പ്രകൃതിവാതക പാടമായ സൗത്ത് പാഴ്സ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും അത് ഇസ്രായേൽ ഒറ്റയ്ക്ക് നടത്തിയ ഓപ്പറേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണങ്ങൾ ഇറാന്റെ സൈനിക ശേഷിയെ തകർത്തിരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. നിലവിൽ ഇറാൻ സൈനികമായി തകർക്കപ്പെട്ട അവസ്ഥയിലാണെന്നും, യുറേനിയം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷി ഇനി ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സഹകരണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഊർജ്ജ മേഖലയിലെ ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തൽക്കാലം ഒഴിവാക്കാൻ ട്രംപ് ആവശ്യപ്പെട്ടതായും അത് ഇസ്രായേൽ അംഗീകരിച്ചതായും അദ്ദേഹം കൂട്ടിചേർത്തു. ഇറാൻ വിദേശ രാജ്യങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും ഭീകരത വ്യാപിപ്പിക്കുക യാണെന്നും അതിനെ തടയേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്നും നെതന്യാഹു പത്രസമ്മേളനത്തിൽ പറഞ്ഞു.

