മലബാറിലേക്ക് മഞ്ഞക്കടൽ ഇരമ്പുന്നു! ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഇത്തവണ കോഴിക്കോട്

അനിശ്ചിതത്വങ്ങൾക്കും നീണ്ട കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 14 ശനിയാഴ്ച തുടങ്ങുന്ന ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തോടെയാണ് പുതിയ സീസണിന് പന്തുരുളുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പ്രതിസന്ധികൾ നിലനിന്നിരുന്നെങ്കിലും, രണ്ടോ മൂന്നോ വേദികളിലായി ചുരുക്കി നടത്തണമെന്ന നിർദ്ദേശം ക്ലബ്ബുകളുടെ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെ ഹോം – എവേ ഫോർമാറ്റിൽ തന്നെ ആകെ 91 മത്സരങ്ങളുമായി ലീഗ് മുന്നോട്ട് പോകും.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്ത കൊമ്പന്മാരുടെ ഹോം ഗ്രൗണ്ടിലെ മാറ്റമാണ്. ഇത്തവണ കൊച്ചിക്ക് പകരം മലബാറിന്റെ ഫുട്ബോൾ ആവേശമായ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പത് ഹോം മത്സരങ്ങളും നടക്കുക. ഫെബ്രുവരി 22-ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് കോഴിക്കോട്ടെ ആദ്യ പോരാട്ടം. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മെയ് 17 വരെ നീളുന്ന മത്സരങ്ങൾക്കായി കോഴിക്കോട് വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *