പറവൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യം മുന്നണി മികച്ച വിജയം നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവിൽ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ജനവിധി ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളുടെ പിന്തുണ പൂർണ്ണമായും തങ്ങൾക്കൊപ്പമുണ്ടെന്നും യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാവിലെ തന്നെ പറവൂരിലെ ബൂത്തിലെത്തിയ അദ്ദേഹം വോട്ടവകാശം വിനിയോഗിച്ചു. വോട്ടർമാർ ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.എൽ.ഡി.എഫിന്റെ തുടർച്ചയായ രണ്ടാം ഭരണത്തിലെ പരാജയങ്ങൾ വോട്ടർമാർ വിലയിരുത്തുമെന്നും യു.ഡി.എഫ് മുന്നോട്ടുവെച്ച വികസന മാതൃകകൾ ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കെ, എല്ലാ മുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ മുന്നണികൾ തങ്ങളുടെ സീറ്റ് നില സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിടും. മെയ് 4-നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

