അഡ്ലെയ്ഡില് നടക്കുന്ന മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ച് ഓസ്ട്രേലിയ. കളിയുടെ മൂന്നാം ദിവസം (ഡിസംബര്‍ 19) സ്റ്റംപെടുക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
നിലവില്‍ ഓസ്ട്രേലിയക്ക് 356 റണ്‍സിന്റെ കൂറ്റന്‍ ലീഡുണ്ട്.സ്വന്തം തട്ടകമായ അഡ്ലെയ്ഡ് ഓവലില്‍ ട്രാവിസ് ഹെഡ് വീണ്ടും ബാറ്റിംഗ് വിസ്മയം തീര്‍ത്തു. 142 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഹെഡ്, ഈ ഗ്രൗണ്ടില്‍ കളിക്കുന്ന തുടര്‍ച്ചയായ നാലാമത്തെ ടെസ്റ്റിലും സെഞ്ച്വറി നേടുന്നു എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചു. 196 പന്തുകളില്‍ നിന്ന് 13 ഫോറുകളും 2 സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരി, രണ്ടാം ഇന്നിംഗ്സിലും തന്റെ ഫോം തുടര്‍ന്നു. 52 റണ്‍സുമായി കാരി ഹെഡിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 122 റണ്‍സ്
നേടി.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 286 റണ്‍സിന് പുറത്തായിരുന്നു. നായകന് ബെന്‍ സ്റ്റോക്സും (83), പേസര്‍ ജോഫ്ര ആര്‍ച്ചറും (51) ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ നടത്തിയ 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഓസീസിനായി സ്കോട്ട് ബോളണ്ടും പാറ്റ് കമ്മിന്‍സും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ നിലവില്‍ 2-0 ന് മുന്നിലാണ്. ഈ മത്സരത്തില്‍ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ഓസ്ട്രേലിയക്ക് ആഷസ് കിരീടം നിലനിര്‍ത്താം. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് മത്സരം തിരിച്ചുപിടിക്കുക എന്നത് അസാധ്യമായ കാര്യമാണ്.

