മൂന്നാം ബലാത്സം​ഗ കേസ്:രാഹുൽ മാങ്കൂട്ടത്തിനെ വീണ്ടും അറസ്റ്റ് ചെയ്യ്തു.

പാലക്കാട്: മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. ഇന്നലെ പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലാണുള്ളത്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്.

ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ആണ് രണ്ടാമത്തെ പരാതിക്കാരി. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് മൂന്നാമതൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നതും അതിൽ അറസ്റ്റ് ഉണ്ടായതും.

രാഹുലിനെതിരായ ആദ്യ ബലാൽസംഗ പരാതിയിൽ അറസ്റ്റ് ഈ മാസം 21 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ കേസിൽ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടും ഉണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപരും സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ആണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *