തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൺഫ്ലവർ പ്രോജക്ട്’ (Sunflower Project) ആരംഭിച്ചു. കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വൈകല്യങ്ങളുള്ളവർക്കും (Hidden Disabilities) പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും വിമാനത്താവളത്തിനുള്ളിൽ സഹായമെത്തി ക്കുകയാണ് ഈ ആഗോള പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലെ കൗണ്ടറുകളിൽ നിന്ന് സൺഫ്ലവർ മുദ്രയുള്ള ലാനിയാർഡുകളോ (Lanyards) ബാഡ്ജുകളോ കൈപ്പറ്റാം. ഇത് ധരിച്ചിരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ അവർക്ക് പ്രത്യേക പരിഗണനയോ സഹായമോ ആവശ്യമുണ്ടെന്ന് വിമാനത്താവള ജീവനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഓട്ടിസം, കേൾവി പരിമിതിയുള്ളവർ, കാഴ്ച പരിമിതിയുള്ളവർ തുടങ്ങിയവർക്ക് വലിയ തിരക്കുള്ള വിമാനത്താവളങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ സംവിധാനം വലിയ സഹായകമാകും.
യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുന്നതിനായി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ളതാക്കി (Inclusive) മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്

