ബെംഗളൂരു ∙ തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ നാട്ടിലേക്ക് രാത്രി യാത്രയ്ക്ക് ആഴ്ചയിൽ അയ്യായിരത്തോളം ബെർത്തുകൾ കൂടിയാണ് ബെംഗളൂരു മലയാളികൾക്കു ലഭിക്കുക. 2 സ്ലീപ്പർ റേക്കുകൾ ലഭിച്ചാൽ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ. കോട്ടയം വഴിയായാൽ മധ്യകേരളത്തിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകും.ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം സെൻട്രൽ വരെ (കോട്ടയം വഴി) 858 കിലോമീറ്ററാണ്. ഈ റൂട്ടിലോടുന്ന വേഗമേറിയ ട്രെയിനായ ബയ്യപ്പനഹള്ളി എസ്എംവിടി–തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസ് 15 മണിക്കൂർ കൊണ്ടാണ് ഓടിയെത്തുന്നത്. 15 സ്റ്റോപ്പുകളാണ് ഹംസഫറിന് അനുവദിച്ചിരിക്കുന്നത്. 14 സ്റ്റോപ്പുകൾ മാത്രമുള്ള യശ്വന്തപുര– തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് ഈ ദൂരം 15 മണിക്കൂർ 25 മിനിറ്റ് കൊണ്ടാണു പിന്നിടുന്നത്. എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നതിനാൽ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരത്ത് 12 മണിക്കൂറിൽ എത്താനാണ് സാധ്യത. കുഷ്യൻ ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷ സംവിധാനം എന്നിവയും പ്രത്യേകതകളാണ്. നിലവിൽ ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് പകൽ സർവീസാണ്. നിറയെ യാത്രക്കാരുമായാണ് ഏതാണ്ട് എല്ലാ ദിവസവും സർവീസ്.∙ 16 കോച്ചുകളിൽ 823 പേർക്ക് യാത്ര ചെയ്യാം16 കോച്ചുകളുള്ള ബെംഗളൂരു– തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറിൽ 823 പേർക്കു യാത്ര ചെയ്യാം. തേഡ് എസിയിൽ 611 പേർക്കും സെക്കൻഡ് എസിയിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാം. ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ 2300 രൂപയായിരിക്കും ഏകദേശ നിരക്കെന്നാണു റെയിൽവേ നൽകുന്ന സൂചന. സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 ആകാനാണ് സാധ്യത.
∙ ബെംഗളൂരു– തിരുവനന്തപുരം റൂട്ടിലെ ട്രെയിനുകൾബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് 2 പ്രതിദിന ട്രെയിൻ സർവീസുകളാണുള്ളത്. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് കോട്ടയം വഴിയും മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ആലപ്പുഴ വഴിയുമാണു സർവീസ്.
കൂടാതെ ആഴ്ചയിൽ 3 ദിവസമുള്ള യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്, ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള യശ്വന്തപുര–തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ്, ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, ആഴ്ചയിൽ 2 ദിവസമുള്ള ബയ്യപ്പനഹള്ളി എസ്എംവിടി–തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ കൂടിയുണ്ട്.

