യാത്രക്കാര്‍ക്ക് ബസുകളില്‍ കുടിവെള്ളം ലഭിക്കുന്ന പുത്തന്‍ പദ്ധതിയുമായി കെഎസ്ആര്‍ടിസി. പുറത്ത് കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ ഒരു രൂപ കുറഞ്ഞ നിരക്കിലായിരിക്കും യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളം ലഭിക്കുക.കെഎസ്ആര്‍ടിസിയുടെ തന്നെ ഫണ്ടില്‍ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറാണ് പുതിയ പദ്ധതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കര്‍ കേരളകൗമുദി ഓണ്‍ലൈനോട് പറഞ്ഞു.നിലവില്‍ ഒരു കമ്ബനിക്കും കരാര്‍ നല്‍കിയിട്ടില്ല.കരാര്‍ ഏറ്റെടുക്കുന്ന കമ്ബനിയോട് തങ്ങള്‍ നിര്‍ദേശിക്കുന്ന പേരില്‍ കുപ്പിവെള്ളം നിര്‍മിച്ച് നല്‍കാനാകും കെഎസ്ആര്‍ടിസി നിര്‍ദേശിക്കുക. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര ബസുകളിലാകും കുപ്പിവെള്ളം നല്‍കിത്തുടങ്ങുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളില്‍ കുപ്പിവെള്ളം ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ‘K-L 15’ ആണ് കെഎസ്ആര്‍ടിസി ബസുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ അതിനാല്‍ കുപ്പിവെള്ളത്തിനും ഇതേ പേര് തന്നെ നല്‍കാമെന്ന കാര്യം പരിഗണിക്കുകയാണെന്നും പ്രമോജ് ശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
വെള്ളക്കുപ്പികള്‍ വില്‍പ്പന തുടങ്ങുന്നതോടെ എല്ലാ ബസുകള്‍ക്കുള്ളിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കും. നിലവില്‍ ദീര്‍ഘദൂര ബസുകളില്‍ മാത്രമാണ് വേസ്റ്റ്ബിന്‍ സ്ഥാപിച്ചിട്ടുള്ളത്.മാലിന്യം കെഎസ്ആര്‍ടിസി തന്നെ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുമെന്നും കെഎസ്ആര്‍ടിസി എംഡി പറഞ്ഞു.കൂടാതെ ഈ പദ്ധതിയിലൂടെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലാഭം ലഭിക്കും. ഒരു കുപ്പി വെള്ളം വില്‍ക്കുമ്പോള്‍ കണ്ടക്ടര്‍ക്ക് രണ്ട് രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയുമാണ് ലഭിക്കുക

