വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്ന്; റോജി, സനീഷ്‌കുമാര്‍, വിന്‍സന്റ് സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരില്‍ നിന്നു ബാനര്‍ പിടിച്ചുവാങ്ങുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി കയ്യാങ്കളി. സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന് ആരോപിച്ച് മൂന്നു പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, കോവളം എംഎല്‍എ എം വിന്‍സന്റ്, ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ഇതു സംബന്ധിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷം സഭാനടപടികള്‍ സ്തംഭിപ്പിക്കുന്നത്. ദേവസ്വം മന്ത്രി രാജിവയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.