മൂന്ന് മിഠായി..

കഥ

കഴിഞ്ഞദിവസം രാവിലെ അഞ്ചുമണിക്ക് കട തുറന്ന് പാത്രം അടുപ്പത്ത് വെച്ച് സാധനങ്ങളൊക്കെ അടുക്കി പെറുക്കി വെച്ചുകൊണ്ടിരുന്നപ്പോൾ, അറുപത്തഞ്ച് എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന, വെളുത്ത്‌ തടിച്ച്, കാഴ്ച്ചക്ക് ഒരാഢ്യത്വം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന്
“മോനേ, മിഠായി ഉണ്ടോ”എന്ന് ചോദിച്ചു…

കട തുറന്ന ഉടനെ ആയതുകൊണ്ട് സാധനങ്ങൾ ഒന്നും തട്ടിൽ നിരത്തിയിരുന്നില്ല..

ഞാൻ കുറച്ച് തിരക്കിലായതുകൊണ്ടും, വിരുന്ന് വന്നതോ, വിരുന്ന് പോകുന്നതോ അതുമല്ലെങ്കിൽ സ്വന്തം വീട്ടിലേക്കോ പോകുന്ന അവർ, അവരുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ, കൊണ്ടുപോകാനുള്ള മിഠായിയാണ് ചോദിക്കുന്നത് എന്ന് കരുതിയും, മിൽക്ക് പേട കടയിൽ ഇല്ലാതിരുന്നത് കൊണ്ടും ഞാൻ പറഞ്ഞു

“ഇല്ല അമ്മച്ചി”…

കുറച്ച് ബേക്കറി സാധനങ്ങൾ ചൂണ്ടിക്കാട്ടി,

“ഇതിലേതെങ്കിലും വേണോ?”

എന്ന് ഞാൻ ചോദിച്ചു..

“വേണ്ട, കുറച്ച് പഞ്ചസാര തരാമോ?..

അവരുടെ എതിർ ദിശയിലേക്ക് തിരിഞ്ഞ് സ്റ്റൗവിൽ വെച്ചിരിക്കുന്ന പാൽ ഇളക്കുകയും, കാപ്പിപ്പൊടിയും പഞ്ചസാരയും അളന്നെടുത്ത് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ഇടുകയും ചെയ്തിരുന്ന ഞാൻ അവർക്ക് അഭിമുഖമായി കുറച്ചുകൂടെ അടുത്തുനിന്ന്

“പഞ്ചസാര എന്തിനാണ് അമ്മച്ചി”. എന്ന് ഞാൻ അവരോട് ചോദിച്ചു..

“എനിക്ക് ഷുഗർ കുറയുന്നത് കൊണ്ട് യാത്ര ചെയ്യുമ്പോൾ മിഠായി കയ്യിൽ കരുതാറുണ്ട്”

അവര് മറുപടി പറഞ്ഞു..

ശരീരത്തിലെ പഞ്ചസാര കൂടുന്നത് പോലെയോ അതിൽ കൂടുതലോ പ്രശ്നമാണ് പഞ്ചസാര കുറയുന്നത്..

പാലിന്റെയും മറ്റും വില ഇരുപത്തിയെട്ടും മുപ്പത്തിമൂന്നും ഒക്കെ ആയതുകൊണ്ട്, ചില്ലറ ക്ഷാമം പരിഹരിക്കാൻ ഒരു രൂപയുടെ മൂന്നാല് തരം മിട്ടായികൾ ഉണ്ടായിരുന്നു കടയിൽ. ഞാനും ഒരു മധുര പ്രിയനാണ്, എനിക്കിഷ്ടപ്പെട്ട മിട്ടായി കാണിച്ചിട്ട് ഞാനവരോട് ചോദിച്ചു,

“ഇത് മതിയോ”..

“മതി”…

“എത്രയെണ്ണം വേണം “..

“മൂന്ന് “

അത് എടുത്തുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു,

“അമ്മച്ചി എങ്ങോട്ടാ പോകുന്നത്?”..

“മെഡിക്കൽ കോളേജിലേക്ക്, അഞ്ചരക്കുള്ള ബസ്സിന് പോകണം”..

“ബസ് ഇപ്പോൾ വരും, അവിടെ ആ ആളുകൾ കൂടിയിരിക്കുന്നയിടത്തേക്ക് നിന്നോളൂ, അവരും ആ ബസ്സിൽ പോകാനുള്ളവരാണ്”..

ഞാൻ പറഞ്ഞു..

അവർ അങ്ങോട്ട് നടന്നു തുടങ്ങിയപ്പോൾ
ഞാൻ ചോദിച്ചു,

“കൂടെ ആരുമില്ലേ?”..

“ഇല്ല”..

അതു പറഞ്ഞപ്പോൾ അവരൊന്ന് തേങ്ങിയ പോലെ എനിക്ക് തോന്നി..

വയ്യാണ്ടാണെങ്കിലും, ബലവും മനോധൈര്യവും സംഭരിച്ച് ആരുമില്ലാത്തവന് ദൈവം തുണ എന്നാശ്വസിച്ച് ഇറങ്ങിത്തിരിച്ച അവര്
“കൂട്ടിന് ആരുമില്ലേ?” എന്ന എന്റെ ചോദ്യം കേട്ടപ്പോൾ, അതുവരെ അവർ സംഭരിച്ചു വെച്ച ബലവും ധൈര്യവും ചോർന്നു പോയ പോലെ..

അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക്‌ തോന്നി..

പതുക്കെ, വേച്ച് വേച്ച് അവര് ആ ആൾക്കൂട്ടത്തിലേക്ക് നടന്നു..

അവര് ബസ്സ് കയറി പോയി..

കട തുറന്ന സമയമായതുകൊണ്ട് എനിക്ക് ഒരുപാട് ജോലി ഉണ്ടായിരുന്നു..

തിളച്ചുകൊണ്ടിരിക്കുന്ന കാപ്പി ഇളക്കി കൊടുക്കണം. അലമാര സ്റ്റാൻഡിൽ കയറ്റി വെച്ച് സ്നാക്സും മറ്റ് പലഹാരങ്ങളും അതിൽ അടുക്കി വെക്കണം. മുമ്പിലെ തട്ടിൽ ബേക്കറി പലഹാരങ്ങൾ ഓരോന്നോരോന്നായി പെറുക്കി വെക്കണം..

ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കെ, ആ അമ്മയെയും അവരിലൂടെ എന്റെ ഉമ്മയെയും ഓർത്തുപോയി.

രണ്ടാഴ്ച്ച മുമ്പാണ്, എന്റെ ഉമ്മയും അനിയന്റെ ഭാര്യയും അവരുടെ രണ്ടു മക്കളും മറ്റൊരനിയന്റെ മകളും എന്റെ വീട്ടിലേക്ക് വന്നത്..

തറവാട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് ഒരു മുന്നൂറ് മുന്നൂറ്റാമ്പത് മീറ്ററോളം ദൂരമുണ്ട്..

അനിയന്റെ ഭാര്യയും മക്കളും റോഡിലൂടെ, യഥാർത്ഥ വഴിയിലൂടെ വീട്ടിലെത്തി..

ഷുഗറിന്റെയും പ്രഷറിന്റെയും മരമായ, രണ്ട് ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ എഴുപതിനോട് അടുത്ത്‌ പ്രായമുള്ള എന്റെ ഉമ്മ, കുറച്ചു ദൂരം അവരോടൊപ്പം വന്ന്, വളവുകളും കയറ്റവും ഇറക്കവും ഉള്ള റോഡിലൂടെ (ശരിയായ വഴി) മക്കളെ പറഞ്ഞയച്ചു..
കാക്ക പറക്കുന്നത് പോലെ, നേരെ പോയാൽ, അഞ്ചാറ് വീടും പുരയിടവും മറികടന്നാൽ പകുതി ദൂരം താണ്ടിയാൽ മതിയാവും എന്റെ വീട്ടിലെത്താൻ..
ഉമ്മ ആ വഴിയാണ് തിരഞ്ഞെടുത്തത്..

അവിടെയുള്ള വീട്ടുകാരെല്ലാം ഉമ്മയെ അറിയുന്നവരും ഇഷ്ടപ്പെടുന്നവരുമായിരുന്നു..

10 മിനിറ്റായി, 15 മിനിറ്റായി ഉമ്മ വീട്ടിൽ എത്തിയില്ല..

“പുത്തൻപുരയ്ക്കെലെ താത്തയുടെ അടുത്ത് കയറിക്കാണും” ഭാര്യയും അനിയന്റെ ഭാര്യയും ഒരുപോലെ, അത് സാധാരണമാണല്ലോ, എന്ന മട്ടിൽ പറഞ്ഞു..

ഉമ്മയുടെ ഒരു കൂട്ടുകാരി, ഉമ്മയെക്കാളും പ്രായമുള്ള അവര് ( പുത്തൻപുരയ്ക്കലെ താത്ത) എന്റെ വീട്ടിലെ സ്ഥിര സന്ദർശകയായിരുന്നു..

പ്രായാധിക്യം മൂലം നടക്കാൻ വയ്യാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ വരാറില്ല..

എന്റെ ഉമ്മയ്ക്കും ഒരുമാതിരിപ്പെട്ട എല്ലാ അസുഖങ്ങളും ഉള്ളതുകൊണ്ട് ഇതുപോലെ വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളേ ഉണ്ടാവാറുള്ളൂ..

അരമണിക്കൂറോളമായി, ഉമ്മ എത്തിയില്ല..

ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എന്റെ അനിയന്റെ മകളോട് “നീ പോയി ഉമ്മമ്മ എവിടെ എത്തിയെന്ന് നോക്ക്?, എന്ന് പറഞ്ഞ് ഞാൻ അവളെ പറഞ്ഞയച്ചു..

ഉമ്മയും അവളും വീട്ടിലെത്തി..

കുറച്ച് നേരം അവിടെ ഇരുന്ന്, ഞാൻ കടയിലേക്ക് പോയി..

എന്റെ ഭാര്യയോ അനിയന്റെ ഭാര്യയോ അനിയന്റെ മകളോ, ഞാൻ “ഉമ്മാനെ ഒന്ന് പോയി നോക്കാൻ” പറഞ്ഞത് ഉമ്മ എവിടെയെത്തി, അല്ലെങ്കിൽ കുറച്ചുകഴിഞ്ഞിട്ടാണോ വരുന്നത് എന്നൊക്കെ അറിയാനായിരിക്കും എന്നായിരിക്കും ചിന്തിച്ചത്..

രണ്ടുനേരം ഇൻസുലിൻ എടുക്കുന്ന, സ്ഥിരമായിട്ട് പ്രഷറിന്റെ ഗുളിക കുടിക്കുന്ന, രണ്ട് ബ്ലോക്ക് (ആൻജിയോപ്ലാസ്റ്റി) നീക്കിയ, രണ്ടാഴ്ച്ച മുമ്പ് പ്രഷറും പ്രമേഹവും കൂടിയിട്ട് തല കറക്കം വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി സുഖമായി തിരിച്ചുവന്ന എന്റെ ഉമ്മ, പരിചയക്കാരും ഇഷ്ടക്കാരുമൊക്കെ ആണെങ്കിലും, ആ വീടുകളും പറമ്പും താണ്ടി വരുമ്പോൾ എവിടെയെങ്കിലും വെച്ച് ആരുടെയും ശ്രദ്ധ കിട്ടാതെ ഒറ്റയ്ക്കായി ബുദ്ധിമുട്ടരുത് എന്ന് കരുതിയാണ് ഞാൻ അനിയന്റെ മകളെ എന്റെ ഉമ്മയെ നോക്കാൻ പറഞ്ഞയച്ചത്..

വെറും 100 മീറ്റർ,അഞ്ചെട്ട് വീടുകൾ, പരിചയക്കാരും ഇഷ്ടക്കാരും, എന്നിരുന്നാലും ഒരു ബുദ്ധിമുട്ടിൽ ഒരു നിമിഷം പോലും എന്റെ ഉമ്മ ഒറ്റപ്പെട്ടു പോകരുത് എന്ന് ചിന്തിച്ചിരുന്ന എനിക്ക്, ആ അമ്മയുടെ മെഡിക്കൽ കോളേജിലേക്ക് ഒറ്റയ്ക്കുള്ള യാത്ര വേദനാജനകമായി തോന്നി..

അഞ്ചരക്കുള്ള ബസ്സിൽ തിരുവമ്പാടിയിൽ നിന്ന് മെഡിക്കൽ കോളേജ് എത്തുമ്പോഴേക്കും ആറര മണിയാവും..

ഏഴുമണിക്കോ എട്ടുമണിക്കോ ഓരോരോ രോഗത്തിനും വിവിധങ്ങളായി തരംതിരിച്ച, അവനവനു വേണ്ട സെക്ഷനിൽ ചെന്ന്, ടോക്കൺ എടുത്ത്, ഡോക്ടറെ കാണാൻ, അവരുടെ ചേമ്പറിന് മുമ്പിൽ കാത്തു നിൽക്കണം..

ഡോക്ടറെ കാണിക്കണം, മരുന്നു വാങ്ങിക്കണം, വെള്ളമോ ഭക്ഷണമോ എന്തെങ്കിലും കഴിക്കണം, തിരിച്ച് ബസ് കയറണം, വീട്ടിൽ തിരിച്ചെത്തണം, ഇതെല്ലാം അവരെപ്പോലെ രോഗിയായ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് എന്തായാലും എളുപ്പമാവില്ല..

അവരുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല എന്ന് തോന്നുന്നു..

ഒരു ഭർത്താവും ആ നിലയ്ക്ക് തന്റെ ഭാര്യയെ ഒറ്റയ്ക്ക് അത്രയിടം വരെ അയക്കുകയില്ല..

കൂടെ പോകാൻ പറ്റിയില്ലെങ്കിലും (അവശത കൊണ്ട് ) മറ്റെന്തെങ്കിലും പോംവഴി കാണുമായിരുന്നു..

സ്വന്തം സന്തോഷങ്ങൾക്ക് അമ്മ ഒരു അധികപ്പറ്റാണെന്ന് ചിന്തിച്ച് മക്കൾ ഒറ്റപ്പെടുത്തിയതാണോ ആ അമ്മയെ?.

നല്ല കാലത്ത് വെറുപ്പും വിദ്വേഷവും പരത്തി തന്റെ മക്കളെയും മരുമക്കളെയും തന്നിൽ നിന്ന് അകറ്റി ഒറ്റപ്പെട്ടു പോയതാണോ ആ അമ്മ?..

അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഷോപ്പറിൽ അസുഖത്തിന്റെയും ടെസ്റ്റുകളുടെയും ഡോക്ടർമാരെ കാണിച്ചതിന്റെയും ഒക്കെ പേപ്പറും ഫയലുകളും ആണെങ്കിൽ, കുറേ മാസങ്ങളായിട്ട് മെഡിക്കൽ കോളേജിൽ തന്റെടത്തോടെ ഒറ്റയ്ക്ക് പോയിക്കൊണ്ടിരുന്ന ഒരു സ്ത്രീയായിരിക്കാം ഒരുപക്ഷേ ആ അമ്മ..

ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആരോടും സഹായം ആവശ്യപ്പെടാതെ പോന്നതായിരിക്കാം ചിലപ്പോളവര്..

എന്റെ ചിന്തകൾ പലവഴിക്കും പോയി..

എന്തായാലും ആ അമ്മച്ചി ഡോക്ടറെ കാണിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ തിരിച്ച് വീട്ടിലെത്തിയാൽ മതി എന്ന് പ്രാർത്ഥിച്ച് ഞാനെന്റെ ജോലി തുടർന്നു..

രചന: Sidhique Patta

Leave a Reply

Your email address will not be published. Required fields are marked *