വാക്കുപാലിച്ച് മന്ത്രി; ഫിദയുടെ സ്വപ്നവഴികളിൽ ഇനി പുഞ്ചിരി

തൃത്താല: ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് നേരിടുന്ന ഫിദ ഫാത്തിമ എന്ന കൊച്ചു പെൺകുട്ടിക്ക് നൽകിയ വാക്ക് പാലിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തൃത്താല മണ്ഡലത്തിലെ കുണ്ടയം കനാൽ റോഡ് യാഥാർത്ഥ്യമായതോടെ ഫിദയുടെ യാത്രാദുരിതത്തിന് അറുതിയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

മഴക്കാലമായാൽ ചളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകുന്ന കുണ്ടയം കനാൽ പരിസരത്തെ ദുരിതം വിവരിച്ചുകൊണ്ട് ഒരു വർഷം മുമ്പാണ് കേലശ്ശേരി വീട്ടിൽ സലീമിന്റെ മകൾ ഫിദ മന്ത്രിക്ക് കത്തുനൽകിയത്. ഒരു വർഷത്തിനുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് അന്ന് മന്ത്രി നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ഫിദയും പങ്കുചേർന്നു.

തൃത്താലയിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളിൽ കുണ്ടയം കനാൽ റോഡിന് തന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഫിദയുടെ ആവശ്യം കൃത്യസമയത്ത് നിറവേറ്റാനായതിൽ വലിയ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമ്പിലാവ് അൻസാർ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ഫിദയ്ക്ക്, ചളിവഴികളെ ഭയക്കാതെ ഇനി തന്റെ സ്വപ്നങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *