നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ ഒടുവില്‍ കെണിയില്‍ വീണു

പത്തനംതിട്ട: കഴിഞ്ഞ കുറേ ദിവസങ്ങളായി വടശ്ശേരിക്കര കുമ്പളത്താമണ്ണ് നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണു.വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി വേട്ടയാടിയും ജനവാസ മേഖലയില്‍ സാന്നിധ്യമറിയിച്ചും വിഹരിച്ചിരുന്ന കടുവ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കെണിയിലായത്.ഇതോടെ പ്രദേശവാസികളുടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.

കഴിഞ്ഞ ദിവസം രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നതോടെയാണ് വനംവകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കിയത്. ആടിനെ പിടികൂടിയത് കടുവയാണെന്ന് വനംവകുപ്പ് ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു.രാത്രിയില്‍ ആടിനെ പിടികൂടിയ അതേ പ്രദേശത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ മന്ദഗതിയിലാണെന്ന് ആരോപിച്ച് നാട്ടുകാരും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമും തമ്മില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പ്രദേശത്ത് ആന, കടുവ,കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നുമായിരുന്നു ജനങ്ങളുടെ ആക്ഷേപം.കടുവ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *