ഭുവനേശ്വര്‍ : ഒഡീഷയില്‍ എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും വില്‍പ്പനയും വിതരണവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്.ഗുഡ്ക,പാന്‍ മസാല ഉള്‍പ്പെടെയുള്ള എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കും നിരോധനം ബാധകമായിരിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതായും,നിയമങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും ഒഡീഷയുടെ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആണ് എല്ലാ പുകയില ഉല്‍പ്പന്നങ്ങളും നിരോധിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ചവയ്ക്കാവുന്നതോ അല്ലാത്തതോ ആയ എല്ലാ പുകയില ഉല്‍പ്പന്നങ്ങളും കൂടാതെ രുചിയുള്ളതോ സുഗന്ധമുള്ളതോ ഏതെങ്കിലും അഡിറ്റീവുകളുമായി കലര്‍ത്തിയതോ ആയ ഉല്‍പ്പന്നങ്ങള്‍ക്ക് പോലും നിരോധനം ബാധകമായിരിക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.നിരോധനം വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഒഡീഷ ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ അറിയിച്ചു.ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്തുള്ള സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

