തൊണ്ടിമുതൽ കേസ്: മുൻ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണ്ണായക ദിനം

തിരുവനന്തപുരം: ഏറെ വിവാദമായ തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് ഇന്ന് നിർണ്ണായക ദിനം. കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സുപ്രധാന തീരുമാനങ്ങൾ ഇന്ന് കോടതിയിൽ നിന്നുണ്ടാകും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.1990-ൽ നടന്ന ഒരു ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. ലഹരിക്കേസിലെ വിദേശി പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിമുതൽ രജിസ്റ്ററിൽ നിന്ന് വസ്ത്രം വാങ്ങി വെട്ടിത്തൈച്ച് പാകമല്ലാത്ത രീതിയിലാക്കി മാറ്റി എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നേരത്തെ ഈ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നുവെങ്കിലും, സുപ്രീം കോടതി ഇടപെട്ട് കേസ് പുനഃസ്ഥാപിക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്നത്തെ കോടതി നടപടികൾ ആന്റണി രാജുവിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. കേസിൽ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനോ വിചാരണാ തീയതി നിശ്ചയിക്കാനോ സാധ്യതയുണ്ട്. ഇതിനായി ആന്റണി രാജു കോടതിയിൽ നേരിട്ട് ഹാജരായേക്കും.

Leave a Reply

Your email address will not be published. Required fields are marked *