മെല്‍ബണ്‍: മെല്‍ബണിലെ ബ്രൂക്ക്ഫീല്‍ഡിലുള്ള ഒരു വീടിന്റെ പിന്‍മുറ്റത്ത് 18 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.വീടിന്റെ പിന്‍ഭാഗത്ത് വെറും 50 സെന്റീമീറ്റര്‍ ആഴമുള്ള കുഴിയിലാണ് മൃതദേഹം അടക്കം ചെയ്തിരുന്നത്. മൃതദേഹത്തിന് 10 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.
2014-ല്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന കുടുംബം പിന്നീട് വിദേശത്തേക്ക് (മിക്കവാറും അല്‍ബേനിയയിലേക്ക്) മടങ്ങിപ്പോയിരുന്നു.അക്കാലത്ത് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതികളൊന്നും ലഭിച്ചിരുന്നില്ല.കുട്ടിയുടെ ഒരു ബന്ധു നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.നിലവില്‍ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വിക്ടോറിയ പോലീസ് വ്യക്തമാക്കി.
മൃതദേഹം ഔദ്യോഗികമായി തിരിച്ചറിയാനുള്ള നടപടികളും പോസ്റ്റ്മോര്‍ട്ടവും നടക്കാനിരിക്കുന്നു.മിസ്സിംഗ് പേഴ്‌സണ്‍സ് സ്‌ക്വാഡ് കേസ് അന്വേഷണം ഏറ്റെടുത്തു.അല്‍ബേനിയയുമായി ഓസ്ട്രേലിയക്ക് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടിയുള്ളതിനാല്‍,അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്.

