സൂസൻ ലേക്കെതിരെ വെല്ലുവിളിയുമായി ടോണി പാസിൻ; ലിബറൽ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ സജീവം

കാൻബറ: ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് സൂസൻ ലേയെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ശക്തമാക്കി മുതിർന്ന പാർട്ടി നേതാവും എംപിയുമായ ടോണി പാസിൻ രംഗത്തെത്തി. പാർട്ടിയിലെ യാഥാസ്ഥിതിക പക്ഷത്തെ പ്രമുഖനായ പാസിൻ, നേതൃമാറ്റം സംബന്ധിച്ച നിർണായക സൂചനകളാണ് നൽകിയിരിക്കുന്നത്. പാർട്ടിയുടെ നയപരമായ നിലപാടുകളിൽ വ്യക്തത കുറവുണ്ടെന്നും ഇത് നേതൃത്വത്തോടുള്ള അസംതൃപ്തിക്ക് കാരണമാകുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

2025-ലെ ഫെഡറൽ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലിബറൽ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ഭിന്നതകൾ ഇപ്പോൾ കൂടുതൽ മറനീക്കി പുറത്തുവരികയാണ്. കാലാവസ്ഥാ വ്യതിയാന നയങ്ങളിലും നെറ്റ് സീറോ ലക്ഷ്യങ്ങളിലും സൂസൻ ലേ സ്വീകരിച്ച നിലപാടുകൾ പാർട്ടിക്കുള്ളിലെ വലതുപക്ഷ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.ഫെബ്രുവരി രണ്ടാം വാരത്തോടെ ഷാഡോ ക്യാബിനറ്റ് പുനഃസംഘടന പൂർത്തിയാകാനിരിക്കെ,പാർട്ടിയുടെ നയങ്ങൾ കൂടുതൽ വ്യക്തമാക്കാൻ നേതൃത്വത്തിന് സാധിക്കാത്ത പക്ഷം വെല്ലുവിളി അനിവാര്യമാണെന്ന് പാസിൻ വ്യക്തമാക്കി.

നേരത്തെ നടന്ന നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് സൂസൻ ലേ വിജയിച്ചത് എന്നത് നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു.നാഷണൽ പാർട്ടിയുമായുള്ള സഖ്യത്തിലെ വിള്ളലുകളും പാർട്ടിക്കുള്ളിലെ വിഭാഗീയതയും ലേയുടെ അധികാരത്തെ ദുർബലപ്പെടുത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. വരും ആഴ്ചകളിൽ പാർട്ടി റൂമിൽ നടക്കുന്ന ചർച്ചകൾ ലിബറൽ പാർട്ടിയുടെയും സൂസൻ ലേയുടെയും രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *