ന്യൂഡൽഹി: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. 785 റേറ്റിങ് പോയന്റുകളോടെയാണ് കോലി ബാറ്റർമാരുടെ റാങ്കിങ്ങിൽ തലപ്പത്തെത്തിയത്. കിവീസ് താരം ഡാരിൽ മിച്ചൽ രണ്ടാമതും മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാമതുമാണ്.
അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് കോലിക്ക് നേട്ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്നു താരം. മാത്രമല്ല, കിവീസിനെതിരായ ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറിയും തികച്ചു. 91 പന്തിൽ നിന്ന് കോലി 93 റൺസെടുത്തു. അതോടെയാണ് കോലി ബാറ്റർമാരിൽ ഒന്നാമതെത്തിയത്. നാലുവർഷത്തിന് ശേഷമാണ് കോലി റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തുന്നത്. ഇതിന് മുൻപ് 2021 ജൂലായിലാണ് താരം ഒന്നാമതെത്തിയിരുന്നത്.
രണ്ടാമതുള്ള ഡാരിൽ മിച്ചലിന് 784 റേറ്റിങ് പോയന്റുകളാണുള്ളത്. കോലിയേക്കാൾ ഒരു പോയന്റ് മാത്രമാണ് കുറവ്. രണ്ട് സ്ഥാനം പിന്നിലേക്ക് പോയ രോഹിത് 775 റേറ്റിങ്ങോടെയാണ് മൂന്നാം സ്ഥാനത്തേക്ക് വീണത്. അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ നാലാമതും ഇന്ത്യൻ ഏകദിനക്യാപ്റ്റൻ ശുഭ്മാന് ഗിൽ അഞ്ചാമതുമാണ്. പാക് താരം ബാബർ അസമാണ് പട്ടികയിൽ ആറാമത്.

