2026-ലെ കേന്ദ്ര ബജറ്റിൽ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിപ്പിക്കാനുള്ള ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചു. ബജറ്റ് അവതരണത്തിന് പിന്നാലെ ഞായറാഴ്ച നടന്ന പ്രത്യേക വ്യാപാര സെഷനിൽ സൂചികകൾ കൂപ്പുകുത്തുന്ന കാഴ്ചയാണ് കണ്ടത്.
ഫ്യൂച്ചേഴ്‌സ് ട്രേഡുകളുടെ നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും, ഓപ്ഷൻസ് പ്രീമിയത്തിന്മേലുള്ള നികുതി 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായും ഉയർത്തിയത് നിക്ഷേപകർക്കിടയിൽ വൻ പരിഭ്രാന്തി സൃഷ്ടിച്ചു. വിപണി ആരംഭിച്ച് നിമിഷങ്ങൾക്കകം ബിഎസ്ഇ സെൻസെക്സ് 1,140 പോയിന്റ് ഇടിഞ്ഞ് 81,129 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു.
സമാനമായ തകർച്ച നേരിട്ട എൻഎസ്ഇ നിഫ്റ്റി 356 പോയിന്റ് നഷ്ടത്തിൽ 24,965 എന്ന നിലയിലെത്തി. വൻകിട ഓഹരികൾക്ക് പുറമെ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് വിഭാഗങ്ങളിലും കനത്ത വില്പന സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. സ്പെക്കുലേറ്റീവ് ട്രേഡിംഗ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നികുതി വർദ്ധിപ്പിച്ചതെങ്കിലും, വ്യാപാരം ചെലവേറിയതാകുന്നത് വിപണിയുടെ ആവേശം കെടുത്തിയിരിക്കുകയാണ്. വിപണി തത്സമയം പ്രവർത്തിക്കുന്നതിനിടെ ഇത്തരം ഒരു പ്രഖ്യാപനം വന്നത് നിക്ഷേപകർക്ക് ആലോചിച്ച് തീരുമാനമെടുക്കാൻ പോലും സമയം നൽകാതെ വൻ നഷ്ടത്തിലേക്ക് നയിച്ചു.

