തീരുമാനങ്ങള്‍ പാളുന്നു; കുമളിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിങ് നിയന്ത്രണം സീസണ്‍ കച്ചവടക്കാര്‍ കൈക്കലാക്കിയതോടെ ദേശീയപാത 183 ലെ കുമളിയില്‍ ഗതാഗത കുരുക്ക് അതിരൂക്ഷമായി.ഇതോടെ കൊട്ടാരക്കര ഡിന്‍ഡുക്കല്‍ ദേശീയപാതയിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി. ചെളിമട മുതല്‍ തമിഴ്നാട് അതിര്‍ത്തിവരെയുള്ള രണ്ടര കിലോമീറ്റര്‍ ദുരമാണ് രാവും പകലുമില്ലാതെ വാഹനങ്ങളുടെ നീണ്ട നിരയില്‍ കാല്‍നടക്കാര്‍ പോലും കുടുങ്ങുന്നത്.


മണ്ഡലകാലം ലക്ഷ്യമാക്കി എത്താറുള്ള അഞ്ഞൂറിലധികം ചിപ്സ്, ഹലുവ കടകളാണ് ചെളിമട മുതല്‍ കുമളി ടൗണ്‍ വരെയുള്ളത്.ഓരോ കടയുടെ മുന്നിലും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിക്കുന്നതില്‍ മത്സരമാണ്.വാഹനങ്ങള്‍ കൈ കാണിച്ചും തടഞ്ഞും നിര്‍ത്തിക്കുന്നതിനു നാലും അഞ്ചും തൊഴിലാളികള്‍ ഓരോ കടക്കുമുന്നിലും റോഡിലുണ്ടാകും.തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത് അനുവദിക്കില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പോലീസിനെ നോക്കുകുത്തിയാക്കി നിയമ ലംഘനം തുടരുകയാണ്.തമിഴ്നാട്,കര്‍ണാടക, ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനങ്ങളാണ് കുമളി വഴി കടന്നുപോകുന്നത്. സീസണ്‍ കടകള്‍ക്കു മുന്നില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ നിര്‍ത്തുന്നതു മൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് ദേശിയ പാതയിലുടെള്ള മുഴുവന്‍ യാത്രക്കാരെയും വലച്ചിരിക്കുകയാണ്.സീസണ്‍ കച്ചവടക്കാരെ സഹായിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമമാണ് ഒരു ടൗണിനെ മുഴുവന്‍ ശ്വാസംമുട്ടിച്ചുള്ള ഗതാഗത കുരുക്ക്. നിയമപാലകരെ നോക്കുകുത്തിയാക്കി ഗതാഗത നിയന്ത്രണം കൈക്കലാക്കുന്നത് തടയാന്‍ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ മണ്ഡല മകര വിളക്ക് കാലയളവ് സീസണ്‍ കച്ചവടക്കാര്‍ പോലീസിന് വലിയ തലവേദന സൃഷ്ടിക്കും.

ഹോളിഡേ ഹോം ജംഗ്ഷന്‍ മുതല്‍ തേക്കടി കവല വരെയുള്ള ഇടങ്ങളിലാണ് മാര്‍ഗ തടസങ്ങള്‍ ഏറെയുള്ളത്.കല്ലറക്കല്‍ ഗ്രൗണ്ട്, സിസ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിനടത്തുള്ള ഗ്രൗണ്ട്, എന്നിവിടങ്ങളിലെല്ലാം പേആന്റ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ അവിടേക്ക് പറഞ്ഞു വിടാവുന്നതാണ്.കൊളുത്ത് പാലത്തും, തേക്കടി കവലയിലുമാണ് തെരക്കേറുന്നത്. റോഡിന്റെ ഒരുവശത്ത് നടപ്പാത പൂര്‍ണമായി സീസണ്‍ കച്ചവടക്കാര്‍ കയ്യടക്കി കഴിഞ്ഞു.കാല്‍നട പോലും ദുഷ്‌ക്കരമായി. നാട്ടുകാര്‍ക്ക് ഇരുചക്ര വാഹനവുമായി പോലും പുറത്തിറങ്ങാനാകാത്ത സ്ഥിതി വിശേഷമാണിപ്പോള്‍ കുമളിയിലുള്ളത്. ഗതാഗത കുരുക്കില്‍ ആംബുലന്‍സുകള്‍ പത്തും മുപ്പതും മിനിട്ടുകള്‍ കുടുങ്ങുന്നതും പതിവാണ്.തമിഴ്നാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ കമ്ബംമെട്ട് വഴി തിരിച്ച് വിടുകയോ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ മടങ്ങുന്ന അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ കുട്ടിക്കാനത്തുനിന്ന് ഏലപ്പാറ, കട്ടപ്പന, കമ്ബംമെട്ട് വഴിതിരിച്ചു വിടുകയോ ചെയ്താല്‍ കുമളി ടൗണിലെ ഗതാഗതക്കുരുക്കിന് അല്‍പം ശമനമാകും.
ദേശീയപാത 183ല്‍ കുമളിയിലുണ്ടാകുന്നതിന് സമാനമായ ഗതാഗതക്കുരുക്ക് കുമളി മൂന്നാര്‍ സംസ്ഥാന പാതയിലുമുണ്ട്. തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന ഉന്തുവണ്ടി കച്ചവടക്കാരും വഴിയോര കച്ചവടക്കാരും വരെ ഗതാഗത കുരുക്കിന് കാരണക്കാരാണ്. ഇവരെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികാരികളോ പോലീസോ തയാറാകുന്നുമില്ല. നാട്ടുകാരുടെ വാഹനങ്ങള്‍ എതെങ്കിലും റോഡരുകില്‍ കണ്ടാല്‍ നിയമ ലംഘനത്തിന് പിഴയിടുന്നതിലാണ് മോട്ടോര്‍ വാഹന വകുപ്പു ശ്രമിക്കുന്നത്. അന്തര്‍ സംസ്ഥാന വാഹനങ്ങളുമായെത്തുന്ന ഡ്രൈവര്‍മാര്‍ കേരളാ പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയോ നിര്‍ദേശങ്ങള്‍ പാലിക്കാറില്ല. നിയമ ലംഘനം നടത്തുന്ന ഇവര്‍ക്കെതിരെ നടപടിയും സ്വീകരിക്കാറില്ലെന്നതാണ് വസ്തുത. എല്ലാവര്‍ഷവും മണ്ഡല കാലയളവിന് മുന്നോടിയായി തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പടെയുള്ള വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേരുക പതിവാണ്. ഈ വര്‍ഷവും യോഗം ചേര്‍ന്നു. എന്നാല്‍ തീരുമാനങ്ങളെല്ലാം ജലരേഖകളാകുന്നതാണ് ഇതുവരെയും കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *